ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന് ആദരം. ഡോ. ബിജു സംവിധാനം ചെയ്ത ഇന്ദ്രന്‍സിന്റെ വെയില്‍മരങ്ങള്‍ക്ക് പുരസ്‌കാരം.
ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് വെയില്‍ മരങ്ങള്‍. ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് വിഭാഗത്തിലാണ് പുരസ്‌ക്കാരം.
കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദലിത് കുടുംബത്തിന്റെ കഥ പറയുന്നതാണ് വെയില്‍മരങ്ങള്‍. ഒന്നര വര്‍ഷത്തോളമെടുത്ത് ചിത്രീകരിച്ച സിനിമ ഇന്ത്യയില്‍ നിന്ന് ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തിലുണ്ടായിരുന്ന ചിത്രം കൂടിയായിരുന്നു.
ചിത്രത്തിലെ നായകന്‍ ഇന്ദ്രന്‍സ് ഷാങ്ഹായ് ഫെസ്റ്റിവലില്‍ റെഡ്കാര്‍പ്പറ്റിലെത്തിയത് മലയാളികള്‍ അഭിമാനത്തോടെയാണ് വരവേറ്റത്. സംവിധായകന്‍ ഡോ ബിജു, പ്രകാശ് ബാരെ, നായകന്‍ ഇന്ദ്രന്‍സ്, നിര്‍മാതാവ് ബേബി മാത്യു സോമതീരം എന്നിവരാണ് ചിത്രത്തെ പ്രതിനിധീകരിച്ച് ചൈനയിലെത്തിയത്.
സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയും ഷാങ്ഹായ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയെ പ്രതിനിധീകരിച്ച് സംവിധായകന്‍ സക്കരിയ മുഹമ്മദ് ഫെസ്റ്റിവലില്‍ പങ്കെടുത്തു.
ഇറാനിയന്‍ ചിത്രം കാസില്‍ ഓഫ് ഡ്രീംസ് മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ഗോബ്ലെറ്റ് പുരസ്‌കാരം നേടി. സിനിമയൊരുക്കിയ റിസ മിര്‍കരിമിയാണ് മികച്ച സംവിധായകന്‍. മികച്ച നടന്‍ ഈ സിനിമയിലെ കേന്ദ്രകഥാപാത്രമായെത്തിയ ഹമീദ് സബേരിയാണ്. മികച്ച സംവിധായകന്‍ കാസില്‍ ഓഫ് ഡ്രീംസ് ഒരുക്കിയ റെസ മിര്‍കരീമിയെ തെരഞ്ഞെടുത്തു.