കേരളക്കരയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ ഒന്നാണ് നിപ്പാ വൈറസ്. ആ ഭയപ്പാടിന്റെ നാളുകളെ തിരശീലയില്‍ എത്തിച്ച സംവിധായകന്‍ ആഷിക്ക് അബുവിന് ആശംസകളും അഭിനന്ദന പ്രവാഹങ്ങളുമാണ്. നാലുപാട് നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ വൈറസ് എന്ന ചിത്രത്തെ കുറിച്ച് അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഐഎംഎ സംസ്ഥാന കലാസാംസ്‌കാരിക ചെയര്‍മാനായ ഡോക്ടര്‍ കെടി മനോജ്.
പടര്‍ന്നു പിടിക്കുന്ന, പുതിയ കാഴ്ചയുടെ വൈറസ് ..! എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രത്തെ കുറിച്ച് അദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിപ്രായ പ്രകടനം. 90 വയസ്സു പിന്നിട്ട മലയാളസിനിമയുടെ ചരിത്രത്തിലിന്നേ വരെ, പല അടരുകളുള്ള ഒരു യഥാര്‍ത്ഥ സംഭവത്തെ ഇത്രത്തോളം റിയലിസ്റ്റിക്കായും സത്യസന്ധമായും ആരും സമീപിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നാണ് അദ്ദേഹം കുറിച്ചത്. കൂടാതെ മെഡിക്കല്‍ സമൂഹവും ആശുപത്രി പരിസരവുമൊക്കെ സിനിമാക്കാരുടെ പരിചരണത്തില്‍ സാധാരണ അപഹാസ്യമായിത്തീരാറാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംടി, ഹരിഹരന്‍, മോഹന്‍ലാല്‍ ടീമിന്റെ അമൃതംഗമയ അടക്കം ചില അപൂര്‍വ്വതകള്‍ മുന്‍ മാതൃകകളായി ഉണ്ട് എന്നതൊഴിച്ചാല്‍ ബാക്കി ഒരു വിധപ്പെട്ട മെഡിക്കല്‍ സംബന്ധ സിനിമകളെല്ലാം ഡോക്ടര്‍മാരും, ആശുപത്രികള്‍ പൊതുവെയും, കഴുത്തറുപ്പന്‍ പ്രസ്ഥാനമാണെന്ന ഒരു പൊതുബോധമാണ് നല്‍കുന്നതെന്നും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. ഈ പ്രതികൂല കാലാവസ്ഥയുള്ള ഒരു ഭൂമികയിലേക്കാണ് ആഷിക്ക് അബുവും കൂട്ടരും വൈറസിന്റെ വിത്തുകളെറിയുന്നതെന്നും മനോജ് കുറിച്ചു.
കോഴിക്കോടിനെ പിടികൂടിയ വൈറസ് നിരവധി ജീവനുകളാണ് എടുത്തത്. കാലം എത്ര കടന്നുപോയാലും മറക്കാന്‍ കഴിയാത്ത ഒരു മുഖം കൂടിയുണ്ട്, നഴ്‌സ് ലിനി. രോഗിയെ പരിചരിച്ച് ഒടുവില്‍ മരണത്തിലേയ്ക്ക് നടന്നു കയറിയവള്‍. ഇങ്ങനെ ഒത്തിരി വേദനകളാണ് കോഴിക്കോടിനെ പിടികൂടിയ നിപ്പാ വൈറസ് സമ്മാനിച്ചത്. പൂര്‍ണ്ണമായും കോഴിക്കോടിനെ വൈറസ് പിടിവിട്ടിട്ടും ആ ഭയത്തില്‍ ഇപ്പോഴും ജീവിക്കുകയാണ് നഗരം.
ഒന്ന് ചുമച്ചാല്‍, തുമ്മിയാല്‍ ഉടനെ പറയും, അവന്‍ നിപ്പായാണെന്ന്. ആ ആശങ്കകളും പ്രതിസന്ധികളുമാണ് വൈറസ് എന്ന ചിത്രത്തില്‍ ആഷിക്ക് അബുവും ചിത്രീകരിച്ചിരിക്കുന്നത്. ഭയമുളവാക്കുന്ന ആ നാളുകളെയും മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങളെയും ഒരിക്കല്‍ കൂടി ജനങ്ങളുടെ കണ്ണിലേയ്ക്ക് എത്തിച്ച സംവിധായകന്‍ ആഷിക്ക് അബുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. വീണ്ടും ഭയപ്പെടുത്തി എന്നു വേണം ചിത്രത്തെ കുറിച്ച് പറയാനെന്നാണ് പലരും പ്രതികരിച്ചത്. ഒപ്പം ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അമ്പരപ്പിച്ചുവെന്ന് പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. ഐഎംഎ നേതാവ് ഡോ. കെടി മനോജിന്റെ ഉള്ളില്‍ തട്ടിയുള്ള ഈ കുറിപ്പിന് നന്ദി പ്രകടനമെന്നോണം ചിത്രത്തിന്റെ സംവിധായകന്‍ ആഷിക്ക് അബു കുറിപ്പ് തന്റെ ഔദ്യോഗിക പേജിലേയ്ക്ക് ഷെയര്‍ ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പടര്‍ന്നു പിടിക്കുന്ന, പുതിയ കാഴ്ചയുടെ വൈറസ് ..!
—————————————————
• 1998 മെയ്…
കോഴിക്കോട് മെഡിക്കല്‍ കോളേജ്മെ, ഡിസിന്‍ വാര്‍ഡ്/ കാഷ്വാലിറ്റി
ഹൗസ് സര്‍ജന്‍സി അവസാന ദിവസങ്ങള്‍..
മെഡിസിന്‍ പോസ്റ്റിങ്ങിന്റെ ഭാഗമായുള്ള nsake bite യൂണിറ്റില്‍ നൈറ്റ് ഡ്യൂട്ടി..
പുലര്‍ച്ച രണ്ടു മണിയോടെ പുതിയ പേഷ്യന്റ് എത്തുന്നു .. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞിട്ടില്ല..
vitals not satisfactory…ആന്റി സ്‌നേക്ക് വെനം (ASV) കൊടുക്കാന്‍ പി.ജിയോടൊപ്പൊം ആവേശഭരിതനായി ഞാനും.. എന്തോ സംസാരിച്ചുകൊണ്ടു നിന്ന രോഗി പെട്ടെന്ന് ശ്വാസതടസ്സവും(respiratory distress) വിറയലുമായി മറിഞ്ഞു വീണു… BP യും പള്‍സും നോട്ട് റിക്കോര്‍ഡബിള്‍… അഡ്രിനാലിന്‍ അടിച്ചു കയറിയ ഞാനും മെഡിസിന്‍ വാര്‍ഡിലെ ഇന്റേണ്‍ സലീമും കൂടി പിന്നെയൊരു പ്രകടനമായിരുന്നു.. എവിടെയോ കിടന്ന ട്രോളിയില്‍ അയാളെ എടുത്തിട്ട് ഒറ്റ പോക്കായിരുന്നു, കാഷ്വാലിറ്റിയിലേക്ക്..! നേരെ എമര്‍ജന്‍സി തിയേറ്ററിലേക്ക്..! Intubation.. resuscitation… അങ്ങനെ..! രാത്രി കണ്ണടക്കാതെ പുലര്‍ച്ചയിലേക്ക് തുറക്കുന്നതും വേറൊരു ദിവസം തുടങ്ങുന്നതുമൊന്നും അറിയുന്നുണ്ടായിരുന്നില്ല ..
രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം യൂണിറ്റ് ചീഫിനും മറ്റുള്ളവര്‍ക്കുമൊപ്പം റൗണ്ട്‌സിന്റ ഭാഗമായി അതേ രോഗിയുടെ മുന്നിലെത്തി.. അയാളുടെ തൊട്ടടുത്ത് നില്‍ക്കുന്ന പ്രാഫസര്‍മാരെയൊന്നും അയാള്‍ കാണുന്നില്ലെന്ന് എനിക്ക് മനസ്സിലായി.. അയാളുടെ നോട്ടം മുഴുവന്‍ എന്നിലേക്കാണ്…! നന്ദിയും കടപ്പാടും സ്‌നേഹവും പിന്നെ പറഞ്ഞറിയിക്കാനാവാത്ത പരശ്ശതം വികാരങ്ങളും അയാളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു..! എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീഴാന്‍ പാകത്തില്‍ ഒരു കണ്ണുനീര്‍ തുള്ളി കണ്‍കോണുകളില്‍ വിതുമ്പി നിന്നു..! മെല്ലെ നടന്നു നീങ്ങുമ്പോള്‍ എന്നെ ചൂണ്ടി അടുത്ത് നില്‍ക്കുന്ന ആരോടോ അയാള്‍ പറയുന്നത് കേട്ടു: ‘ദാ ആ ഡോക്ടറാണ് എന്റെ ജീവന്‍ രക്ഷിച്ചത്…
• 2018 മെയ്..
അതേ മെഡിക്കല്‍ കോളേജ്അ, തേ കാഷ്വാലിറ്റി…!
ഡോ .ആബിദ് എന്ന മെഡിസിന്‍ പി.ജി തിരക്കുപിടിച്ച ഇങഇ കാഷ്വാലിറ്റിയില്‍ എമര്‍ജന്‍സി മാനേജ് ചെയ്യാന്‍ തന്റെ ഊര്‍ജ്ജം മുഴുവനും എടുത്തുപയോഗിക്കുകയാണ്… ഒരു പക്ഷെ തുടര്‍ച്ചയായി ഡ്യൂട്ടി എടുക്കേണ്ടി വരുന്ന പി.ജി ആവാം ആബിദ്… എന്നിട്ടും മുന്നില്‍ വന്ന പലരേയും അയാള്‍ ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും ഒരേ സമയം പരിചരിക്കുന്നത് കാണാം..!
കൂട്ടത്തില്‍ അസാധാരണമായ രോഗലക്ഷണങ്ങളുമായി വന്നെത്തിയ പെരിഫറിയിലെ നഴ്‌സ് അഖിലയെയും അയാള്‍ കാണുന്നുണ്ട്.. അവരെ അറ്റന്റ് ചെയ്യുന്നുണ്ട്… കണ്‍സോള്‍ ചെയ്യുന്നുമുണ്ട്.. ഒപ്പം തന്നെ ജൂനിയര്‍ പി.ജിയോടും ഹൗസ് സര്‍ജനോടും നഴ്‌സിങ്ങ് സ്റ്റാഫിനോടുമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു മുണ്ട്… മരണ വക്ത്രത്തില്‍ നിന്നും അനേകം അഖിലമാരെ രക്ഷിക്കുവാനുള്ള വല്ലാത്തൊരു നെട്ടോട്ടം അനേകം ഡോ.ആബിദുമാര്‍ ഇന്നും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു, പല കാലങ്ങളില്‍… പല ദേശങ്ങളില്‍..
• അതിവേഗം പടരുന്ന ‘ വൈറസ് ‘…!
90 വയസ്സു പിന്നിട്ട മലയാളസിനിമയുടെ ചരിത്രത്തിലിന്നേ വരെ, പല അടരുകളുള്ള ഒരു യഥാര്‍ത്ഥ സംഭവത്തെ ഇത്രത്തോളം റിയലിസ്റ്റിക്കായും സത്യസന്ധമായും ആരും സമീപിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല .. മെഡിക്കല്‍ സമൂഹവും ആശുപത്രി പരിസരവുമൊക്കെ സിനിമാക്കാരുടെ പരിചരണത്തില്‍ സാധാരണ അപഹാസ്യമായിത്തീരാറാണ് പതിവ്… എം.ടി-ഹരിഹരന്‍- മോഹന്‍ലാല്‍ ടീമിന്റെ അമൃതംഗമയ അടക്കം ചില അപൂര്‍വ്വതകള്‍ മുന്‍ മാതൃകകളായി ഉണ്ട് എന്നതൊഴിച്ചാല്‍ ബാക്കി ഒരു വിധപ്പെട്ട മെഡിക്കല്‍ സംബന്ധ സിനിമകളെല്ലാം ഡോക്ടര്‍മാരും, ആശുപത്രികള്‍ പൊതുവെയും, കഴുത്തറുപ്പന്‍ പ്രസ്ഥാനമാണെന്ന ഒരു പൊതുബോധം കാലങ്ങള്‍ക്ക് മുന്‍പെ അരക്കിട്ടുറപ്പിച്ച് കഴിഞ്ഞിരിക്കുന്നു,..
ഇങ്ങനെ, വിളവിറക്കാന്‍ പ്രതികൂല കാലാവസ്ഥയുള്ള ഒരു ഭൂമികയിലേക്കാണ് ആഷിക്ക് അബുവും കൂട്ടരും വൈറസിന്റെ വിത്തുകളെറിയുന്നത്…! യഥാര്‍ത്ഥ സംഭവമാണെന്നിരിക്കെ ഫാക്ടും ഡാറ്റയും കൃത്യമായിരിക്കണം എന്നുണ്ടെങ്കിലും സമാന്തരമായി ഒരു കല്‍പ്പിത കഥയും അവിടെ നിപ്പയുടെ തിരക്കിലും കിഡ്‌നി അടിച്ചു മാറ്റുന്ന ഡോക്ടറും ആശുപത്രിയുമൊക്കെ എഴുതി ചേര്‍ക്കാവുന്നതേയുണ്ടായിരുന്നുള്ളു.. ! സാമ്പത്തിക വിജയം ഉറപ്പിക്കാന്‍… സാധാരണ ജനങ്ങളെ കൂട്ടത്തോടെ തിയേറ്ററിലെത്തിക്കാന്‍ ഇതൊക്കെ വൈറസ് ടീമിനും ചെയ്യാമായിരുന്നു, ചില ഹോളിവുഡ് ( മലയാളത്തിലും )സിനിമകളില്‍ കാണും പോലെ… പക്ഷേ തീര്‍ത്തും സത്യസന്ധമായും പൊളിറ്റിക്കലായും അവര്‍ അവരുടെ ആവിഷ്‌കാരത്തിന്റെ കണ്ണാടി നേരിന് നേരെ തന്നെ പിടിച്ചു…
നിപ്പ എന്ന ,അത്രയും കാലം താരതമ്യേന അപരിചിതമായിരുന്ന ഒരു ഡെഡ്‌ലി വൈറസിന്റ കടന്നാക്രമണത്തില്‍ നില തെറ്റി വീഴാതെ ഒരു ജനസമൂഹത്തെയൊന്നാകെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച് നിര്‍ത്തി പോരാടാനിറങ്ങിയ ഒരു ഭരണ കൂടത്തിന്റെയും മെഡിക്കല്‍ സമൂഹത്തിന്റെയും ആര്‍ജ്ജവവും ഇച്ഛാശക്തിയുമാണ് ‘ വൈറസി ‘ന്റെ കാതല്‍.. അതിഭാവുകത്വത്തിലേക്കും മെലോഡ്രാമയിലക്കും വളരെപ്പെട്ടെന്ന് എത്തിപ്പെടാമായിരുന്ന പല സന്ദര്‍ഭങ്ങളെയും അതി വിദഗ്ദ്ധമായ പ്രൊഫഷണല്‍ ബോധവും സ്വന്തം മീഡിയത്തിലുള്ള അറിവും കൊണ്ട് സംവിധായകന്‍ മറികടക്കുന്നുണ്ട്, പലപ്പോഴായി…
പൊതു സമൂഹത്തിന് ഒന്നാകെയും മെഡിക്കല്‍ സമൂഹത്തിന് സവിശേഷമായും അഭിമാനിക്കാവുന്ന ഒരു സിനിമയായി വൈറസ് മാറുന്നത്, അതിന്റെ മുന്നോരുക്കങ്ങളിലും വിഷയ പഠനങ്ങളിലും തിരക്കഥാ രചയിതാക്കളും സംവിധായകനുമടങ്ങുന്ന റിസര്‍ച്ച് വിംഗ് പുലര്‍ത്തിയ സൂക്ഷ്മതയും സത്യസന്ധതയും കൊണ്ടു കൂടിയാണ്…!
കാഷ്വാലിറ്റിയില്‍ മറ്റൊന്നുമറിയാതെ റൗണ്ട് ദി ക്ലോക്ക് ‘പട്ടിപ്പണി’യെടുക്കുന്ന പി ജിയും ഹൗസ് സര്‍ജനുമൊക്കെ സാധാരണ വികാരങ്ങളുള്ള മനഷ്യരായിത്തന്നെയാണ് അവതരിപ്പിക്കപ്പെടുന്നത് എന്നത് ആഹ്ലാദം നല്‍കുന്ന കാര്യമാണ്… താന്‍ രക്ഷിക്കാന്‍ ശ്രമിച്ചൊരു രോഗി പിന്നീട് മരിച്ചു പോയി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഡോ.ആബിദ് ഒരു നിമിഷം സങ്കടപ്പെടുന്നുണ്ട്.. അയാളുടെ ആരുമല്ലാതിരിന്നിട്ടു കൂടി ഓരോ മരണത്തിലും അയാള്‍ അസ്വസ്ഥനാവുന്നത് അയാളില്‍ അനുതാപം (empathy) അളവറ്റ രീതിയില്‍ ഉള്ളതുകൊണ്ടാണ്… ഡോക്ടര്‍മാര്‍ക്ക് അവശ്യം വേണ്ട ലാുമവ്യേ എന്ന വികാരത്തെ അധികം പൊലിപ്പിക്കാതെ ഒരു കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍ തന്നെ സിനിമയുടെ ഉദ്ദേശ ശുദ്ധി വെളിപ്പെടുന്നുണ്ട്…
ഒരു Outbreak/ Casualty ഉണ്ടാവുമ്പോള്‍ ഊണും ഉറക്കവുമൊഴിച്ച് യുദ്ധമുഖത്തെന്നതു പോലെ സജ്ജരാവുന്ന, ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ച് അധികമെവിടെയും പറഞ്ഞും എഴുതിയും കണ്ടിട്ടില്ല .. ഇവിടെ ‘വൈറസ് ‘പക്ഷേ, എന്താണ് അല്ലെങ്കില്‍ എന്തായിരിക്കണം ഒരു സ്റ്റേറ്റിന്റെ ആരോഗ്യ പ്രവര്‍ത്തനം എന്ന്, ആരേയും ഒറ്റയ്‌ക്കൊറ്റക്ക് യീീേെ ചെയ്യാതെ തന്നെ പറഞ്ഞു വക്കുന്നുണ്ട്… വേണമെങ്കില്‍ ആരോഗ്യ മന്ത്രിയെ ഫോക്കസ് ചെയ്ത് കുറച്ചു കൂടി സിനിമാറ്റിക് സംഭാഷണങ്ങളുള്‍പ്പെടുത്തി കൈയടി വാങ്ങാമായിരുന്നിട്ടും (ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ നൂറു ശതമാനവും അതിന് അര്‍ഹയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല )അതിനു പോലും സംവിധായകന്‍ മുതിരുന്നില്ല എന്നത് തന്റെ സിനിമയെക്കുറിച്ച് അദ്ദേഹത്തിനുള്ള കൃത്യമായ മുന്‍ധാരണകള്‍ കൊണ്ടാണ്..!
വൈറസ് പറയുന്നത് ഒരു കൂട്ടായ്മയുടെ കഥയാണ്.. ആ കൂട്ടായ്മയില്‍ ആരോഗ്യ മന്ത്രി മുതല്‍ ക്ലാസ്സ് ഫോര്‍ ജീവനക്കാരന്‍ വരെ എല്ലാവര്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്.. അതു കൊണ്ടു തന്നെയാണ് സ്വന്തമായി, ഒറ്റയ്‌ക്കൊറ്റയ്ക്ക് സിനിമകള്‍ വിജയിപ്പിക്കാന്‍ കഴിവുണ്ടായിട്ടും കുഞ്ചാക്കോ ബോബന്‍ മുതല്‍ ടൊവീനോ, ആസിഫ് അലി, റഹ്മാന്‍, പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങി ജോജു വരെ നീളുന്ന അഭിനേതാക്കള്‍ ഇതില്‍ കഥാപാത്രങ്ങളായത്….!
സിസ്റ്റര്‍ ലിനി ഇടനെഞ്ചിലെ ഒരു തേങ്ങലാണ്..ഓരോ മനുഷ്യ സ്‌നേഹിക്കും എപ്പോഴും പ്രചോദനമാണ്..!
‘ സജീഷേട്ടാ… അയാം ആള്‍മോസ്റ്റ് ഓണ്‍ ദ വേ … നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല .. സോറി… മക്കളെ നന്നായി നോക്കണേ..പാവം കുഞ്ചു … അവനെ ഒന്നു ഗള്‍ഫില്‍ കൊണ്ടു പോവണം…നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്… പ്ലീസ്….
with lots of love…ummaa..’ എന്ന് വിറയാര്‍ന്ന വിരലുകള്‍ കൊണ്ട് ലിനി അവസാനമായി എഴുതിയ വാക്കുകള്‍ കണ്ണീര്‍ പടര്‍ന്ന് അവ്യക്തമായിട്ടല്ലാതെ ഒരിക്കലും വായിച്ചു മുഴുമിപ്പിക്കാനായിട്ടില്ല..
സിസ്റ്റര്‍ ലിനിയുടെ ജീവത്യാഗത്തിനുള്ള മരണാനന്തര ബഹുമതിയാണ് ‘വൈറസ് ‘…! ഒപ്പം
ഡോ.അനൂപ്, ഡോ.ജയകൃഷ്ണന്‍, ഡോ.സരിത, ഡോ.ചാന്ദ്‌നി, ഡോ.ഗോപകുമാര്‍, ഡോ.സീതു, ഡോ.ജയശ്രീ, ഡോ.അഖിലേഷ് ,ഡോ.ബിജിന്‍, ഡോ.നവീന്‍, ഡോ. ആശ…തുടങ്ങി അനേകം ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള ബിഗ് സല്യൂട്ടുമാണ്…
കൈകാര്യം ചെയ്ത വിഷയത്തിന്റെ യുണീക്ക്‌നെസ് കൊണ്ടും കഥപറച്ചിലിന്റെ സവിശേഷതകൊണ്ടും മലയാളത്തിനപ്പുറത്തേയ്ക്ക് പടര്‍ന്ന് പിടിക്കാന്‍ മാത്രം ശക്തമാണ് വൈറസ് … ക്യാമറയ്ക്ക് പിന്നില്‍ ഊര്‍ജ്ജമായി നിന്ന രാജീവ് രവിയെപ്പോലുള്ള ഒരു വെറ്ററന്‍, അനേകം ലയറുകളുള്ള ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ സംവിധായകന് കൊടുക്കുന്ന പിന്തുണ ചെറുതല്ല…
വൈറസ് യഥാര്‍ത്ഥത്തില്‍ ഒരു സിനിമയല്ല.., ഒരു പോര്‍ട്രയലാണ്… യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍കാഴ്ചകളാണ്…! വൈറസ് ഒരു ഓര്‍മ്മപ്പെടുത്തലാണ്.., നമ്മുടെ സംഘശക്തിയെക്കുറിച്ചുള്ള അതിശക്തമായ ഓര്‍മ്മപ്പെടുത്തല്‍… വൈറസ് ഒരു ട്രിബ്യൂട്ടാണ്.., ഒരു മഹാരോഗത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിനിടയില്‍ ഇരകളായിത്തീര്‍ന്നവര്‍ക്കും പാതി വഴിയില്‍ വീണുപോയവര്‍ക്കും തളരാതെ നിന്ന് പോരാടിയവര്‍ക്കുമുള്ള ഗംഭീര ട്രിബ്യൂട്ട് …
• 2028….
മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി. സമയം പുലര്‍ച്ച 3 മണി..
പാതി ജീവനുകളുമായി അലറിക്കരഞ്ഞ്, ചീറിപ്പാഞ്ഞെത്തുന്ന ആംബുലന്‍സ്..
മാസ് കാഷ്വാല്‍റ്റിയാണ്..പത്തു പന്ത്രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്തതിന്റെ ക്ഷീണമറിയിക്കാതെ പകല്‍ വെളിച്ചത്തിലെന്ന പോലെ ഓടിനടന്ന് കേസുകള്‍ അറ്റന്റ് ചെയ്യുന്നത് ഡോ. ആബിദിന്റെ… ഡോ.അനൂപിന്റെ..ഡോ.രാജേഷിന്റെ.. ഡോ.സജീഷിന്റെ … നഴ്‌സ് ലിനിയുടെ, നഴ്‌സ് അഖിലയുടെ.. തുടര്‍ച്ചകളാണ്…!
ജീവന്റെ തിരിനാളം കെടാതെ കാത്തു സൂക്ഷിക്കുന്ന തുടര്‍ച്ചകള്‍.. അതൊരു ഒന്നൊന്നൊര തുടര്‍ച്ചയാണ് ഭായ്…!
ഡോ. മനോജ് കെ.ടി, ചെയര്‍മാന്‍
ഐ.എം.എ സംസ്ഥാന കലാസാംസ്‌കാരിക വിഭാഗം
Discussion about this post