‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് അഹാന കൃഷ്ണകുമാര്‍. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ കൂടിയാണ് അഹാന. തനിക്ക് ഒരിക്കല്‍ ഫഹദിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് അത് സ്വീകരിക്കാന്‍ പറ്റിയില്ലെന്നുമാണ് താരമിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
‘ഫഹദ് ഫാസില്‍ നായകനായെത്തിയ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അന്നയും റസൂലിലും നായികയാക്കാന്‍ രാജീവേട്ടന്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ അന്ന് ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. അന്ന് അത് മിസ് ആയല്ലോ എന്നോര്‍ത്ത് വിഷമമോ നഷ്ടബോധമോ ഒന്നും ഇല്ലായിരുന്നു. അന്ന് ഒരു ഫഹദ് ചിത്രത്തിലേക്ക് എന്നെ വിളിച്ചല്ലോ എന്ന സന്തോഷമൊക്കെ ഉണ്ടായിരുന്നു. അതിനപ്പുറത്തേക്കൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ പക്ഷേ ആ റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് വെറുതേ ആഗ്രഹിച്ചിട്ടുണ്ട്’ എന്നാണ് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അഹാന പറഞ്ഞത്.
തനിക്ക് ഒരു കായിക താരത്തിന്റെ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അഹാന പറഞ്ഞു. ടൊവീനോ നായകനായി എത്തുന്ന ‘ലൂക്ക’യാണ് അഹാനയുടെ തീയ്യേറ്ററുകളിലെത്തുന്ന പുതിയ ചിത്രം. ടൊവീനോയും അഹാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അരുണ്‍ ബോസാണ് ചിത്രത്തിന്റെ സംവിധായകന്‍. ജൂണ്‍ 28 ന് ചിത്രം തീയ്യേറ്ററുകളിലെത്തും.