ഒരു മുസ്ലീം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ തനിക്ക് വീട്ടില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം അടക്കമുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെന്ന് ബോളിവുഡ് താരം റിത്വിക് റോഷന്റെ സഹോദരി സുനൈന. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുനൈന കുടുംബത്തിന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ‘തന്റെ പ്രണയത്തെ കുറിച്ച് അറിഞ്ഞ പിതാവ് ഒരു തീവ്രവാദിയെ പ്രണയിച്ചു എന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്’ എന്നാണ് സുനൈന അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
‘തനിക്ക് ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ വയ്യ. എന്നാല്‍ താന്‍ പ്രണയിക്കുന്ന റുഹൈലിനെ എന്റെ കുടുംബം അംഗീകരിക്കണം. ഇപ്പോള്‍ അവര്‍ എന്റെ ജീവിതം നരകമാക്കിയിരിക്കുകയാണ്. എനിക്ക് ഇത് ഇനിയും സഹിക്കാന്‍ കഴിയില്ല. ഞാന്‍ റുഹൈലിനെ ഒരിക്കലും കാണരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷെ എനിക്ക് അയാള്‍ക്കൊപ്പം കഴിയാനാണ് ഇഷ്ടം. മുസ്ലീം എന്ന ഒറ്റക്കാരണം കൊണ്ടാണ് എന്റെ കുടുംബം അദ്ദേഹത്തെ അംഗീകരിക്കാത്തത്’സുനൈന അഭിമുഖത്തില്‍ വ്യക്തമാക്കി.
നേരത്തേ റിത്വിക് റോഷനെതിരെ വഞ്ചനാ ആരോപണങ്ങള്‍ ഉന്നയിച്ച നടി കങ്കണയെ സുനൈന പിന്തുണച്ച് രംഗത്ത് എത്തിയത് ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. താന്‍ കങ്കണയ്‌ക്കൊപ്പം എന്നാണ് സുനൈന പറഞ്ഞത്. ഇതിന് പിന്നാലെ സുനൈനയെ പിന്തുണച്ച് കങ്കണയുടെ സഹോദരി രംഗോലി രംഗത്തെത്തിയുന്നു. കുടുംബത്തില്‍ ക്രൂര പീഡനങ്ങളാണ് സുനൈനയ്ക്ക് നേരിടേണ്ടി വരുന്നതെന്നും ഇക്കാര്യം പറഞ്ഞ് ദിവസവും അവര്‍ കങ്കണയെ ഫോണില്‍ വിളിച്ച് കരയാറുണ്ടെന്നുമാണ് രംഗോലി ട്വിറ്ററിലൂടെ അറിയിച്ചത്.
Discussion about this post