ചെന്നൈ: വിവാദമൊഴിയാതെ തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം. സംഘടനയുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ഞായറാഴ്ച നിശ്ചയിച്ചിരുന്ന വോട്ടെടുപ്പിന് സ്റ്റേ. വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയ നാലുപേരുടെ പരാതിയില്‍ ദക്ഷിണ ചെന്നൈ രജിസ്ട്രാറുടേതാണ് ഉത്തരവ്. ഉത്തരവിനെതിരെ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ ഹൈക്കോടതിയെ സമീപിച്ചു.
പോസ്റ്റല്‍ ബാലറ്റ് വഴി 1000 പേര്‍ വോട്ട് രേഖപ്പെടുത്തുമെന്നും 1500 നും 2000 ത്തിനും ഇടയിലുള്ള ആളുകള്‍ നേരിട്ട് വോട്ട് രേഖപ്പെടുത്തുമെന്നുമായിരുന്നു നടികര്‍ സംഘത്തിന്റെ കണക്ക്. ഡോ. എംജിആര്‍ ജാനകി കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവിടെ നിന്നും വേദി മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മറ്റെവിടെയെങ്കിലും വെച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും പറ്റാവുന്ന ഇടം നിര്‍ദേശിക്കണമെന്നും നടികര്‍ സംഘം കൗണ്‍സില്‍ കൃഷ്ണ രവീന്ദ്രനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
മൂന്നുവര്‍ഷത്തില്‍ ഒരിക്കലാണ് തമിഴ്നാട്ടിലെ താരസംഘടനയുടെ തലപ്പത്തേക്കുളള തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ മൂന്നു തവണയും തെരഞ്ഞെടുപ്പില്‍ വിജയിച്ച ശരത് കുമാറിനെ തോല്‍പ്പിച്ച് വിശാലിന്റെ നേതൃത്വത്തിലുളള പാണ്ഡവ അണിയായിരുന്നു വിജയിച്ചത്.
നേരത്തെ, നടികര്‍ സംഘത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ക്യാംപെയിന്‍ വീഡിയോയില്‍ വിശാല്‍ തന്റെ അച്ഛന്‍ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് നടി വരലക്ഷ്മി രംഗത്തെത്തിയിരുന്നു.
Discussion about this post