എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു അവസരം തരുമോ എന്ന് ചോദിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഹോളിവുഡ് താരം ബില്‍ ഡ്യൂക്ക്. രജനീകാന്ത് പോലീസ് വേഷത്തിലെത്തുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് ബില്‍ അവസരം ചോദിച്ചെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന.
‘എആര്‍ മുരഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. പക്ഷെ രജനീകാന്തിന്റെ അകന്ന അമേരിക്കന്‍ ബന്ധുവായോ നയന്‍താരയുടെ അങ്കിളായോ അഭിനയിക്കാന്‍ സാധിക്കും. എനിക്ക് അതിന് അവസരം നല്‍കുമോ? അനിരുദ്ധിന് എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ഹിറ്റ് പാട്ടുകളും തയ്യാറാക്കാം.എന്ത് പറയുന്നു?’- ബില്‍ ഡ്യൂക്കിന്റെ ട്വീറ്റ് ഇങ്ങനെ.
@ARMurugadoss I do not speak #Tamil…but I could be @rajinikanth "long lost American Cousin" or #Nayanthara "Uncle" you know they say I can act!!! @sreekar_prasad & @santoshsivan can edit me in!!! @anirudhofficial can compose a #HitSong with stars from all over, what you think?
— Bill Duke (@RealBillDuke) June 13, 2019
അതേസമയം, ഹോളിവുഡ് നടന്റെ ട്വീറ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് മുരുഗദോസ് അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍. ബില്‍ ഡ്യൂക്കിന്റെ ഔദ്യോഗിക പേജിലൂടെയുള്ള ഈ ട്വീറ്റ് വിശ്വസിക്കാനാകാതെ മുരുഗദോസ് ഇത് റീ ട്വീറ്റ് ചെയ്ത്, ‘സാര്‍ ഇത് താങ്കള്‍ തന്നെയാണോ’ എന്നു ചോദിച്ചിരിക്കുകയാണ്. നയന്‍താരയാണ് ദര്‍ബാര്‍ ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ എസ്ജെ സൂര്യയാണ് വില്ലന്‍ വേഷം ചെയ്യുക.
കമാന്റോ പ്രിഡേറ്റര്‍ ചിത്രത്തിലൂടെ ഇന്ത്യയിലും ഏറെ സുപരിചതനായ നടനാണ് ബില്‍ ഡ്യൂക്ക്. അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ ആയിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.