മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ നല്ല ആല്‍ബം സോങുകള്‍ സമ്മാനിച്ച ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ്. ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. ചൊവ്വാഴ്ച വൈകുന്നേരം കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ നടന്‍ ദിലീപ് ആണ് ഓഡിയോ ട്രെയിലര്‍ പ്രകാശനം ചെയ്തത്.
ചടങ്ങിന് എത്തിയ അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് ഈസ്റ്റ് കോസ്റ്റ് വിജയന്റെ രചനയില്‍ ഭാവഗായകന്‍ പി ജയചന്ദ്രന്റെ ആലാപിച്ച ‘ഞാനൊരു മലയാളി’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘ലൈവ് സാന്‍ഡ് ആര്‍ട്ട്’ ഏവര്‍ക്കും ഒരു നവ്യാനുഭവമായി മാറി. ചടങ്ങിനെത്തിയ എല്ലാവരും ഏറെ അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് സ്വാഗതപരിപാടി ആസ്വദിച്ചത്.
ചിത്രത്തിന്റെ ഔദ്യോഗിക ഓഡിയോ-ട്രെയിലര്‍ ലോഞ്ചിംഗ് ചടങ്ങ് നടന്‍ ദിലീപിനൊപ്പം സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍, ഗായകന്‍ പി ജയചന്ദ്രന്‍, സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, ഗാനരചയിതാവ് സന്തോഷ് വര്‍മ, ഹരീഷ് കണാരന്‍, നായികാ നായികന്മാരായ അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു, ക്യാമറാമന്‍ അനില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രപീപം കൊളുത്തിയ ശേഷമാണ് പ്രകാശനം ചെയ്തത്. സിനിമ-സീരിയല്‍-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഓഡിയോ-ട്രെയിലര്‍ ചെയ്തതിന് ശേഷം, ഈസ്റ്റ് കോസ്റ്റ് വിജയേട്ടന്റെ ചടങ്ങുകളിലെല്ലാം ഒരു പുതുമയുണ്ടാവാറുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച നടന്‍ ദിലീപ് പറഞ്ഞു. മൈബോസ് എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ഓരോ തവണയും നിര്‍മ്മാതാവായിരുന്ന അദ്ദേഹം ഗംഭീരമാക്കിയിരുന്നുവെന്നും അതുപോലെ തന്നെ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ ഓഡിയോ ലോഞ്ച് പരിപാടിയുടെ തുടക്കം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ദിലീപ് പറഞ്ഞു.
‘പുതിയ പുതിയ കലാകാരന്മാരെ കണ്ടുപിടിക്കുന്നതില്‍ ഒരു അത്ഭുതമാണ് വിജയേട്ടന്‍. ഈ സിനിമയിലും പുതുമുഖ നായികമാരും നായകനുമുണ്ട്. എല്ലാവര്‍ക്കും ഗംഭീര തുടക്കമാകട്ടെ, മലയാള സിനിമാ കുടുംബത്തിലേക്ക് അവരെ സ്വാഗതം ചെയ്യുന്നുവെന്നും ദിലീപ് പറഞ്ഞു. ചിത്രം വന്‍ വിജയമാകട്ടെയെന്നും ദിലീപ് ആശംസിച്ചു. അതിഥികളെ സ്വാഗതം ചെയ്ത ‘ലൈവ് സാന്‍ഡ് ആര്‍ട്ട്’ ഒരുക്കിയ കലാകാരനെ ദിലീപ് വേദിയില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. നൗഫല്‍ എന്ന കലാകാരനാണ് വേദിയില്‍ മണല്‍ത്തരികള്‍ കൊണ്ട് അദ്ഭുതം തീര്‍ത്തത്. ‘സ്റ്റേജില്‍ ഇങ്ങനെ വന്നു നില്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നും ദിലീപേട്ടന്റെ കൂടെ ഇങ്ങനെ നില്‍ക്കുകയെന്നത് വല്യ ഭാഗ്യമായാണ് കാണുന്നതെന്നും ഇതിന് അവസരമൊരുക്കിയ വിജയന്‍ സാറിനും ഈസ്റ്റ് കോസ്റ്റ് ടീമിനും തന്നെ വേദിയിലേക്ക് ക്ഷണിച്ച ദിലീപേട്ടനും നന്ദി അറിയിക്കുന്നുവെന്നും നൗഫല്‍ പറഞ്ഞു.
സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ വളരെ വികാരഭരിതനായാണ് ചടങ്ങില്‍ സംസാരിച്ചത്. ഒരു കലാകാരന്റെ ജീവിതം എല്ലാം കൂടിയ ഒന്നാണ്. ഈ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവും. അത്തരം ഒരു ഇറക്കം എന്റെ ജീവിതത്തിലും സംഭവിച്ചു. അന്ന് എന്തു ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ അറിയാതെ നില്‍ക്കുന്ന അവസരത്തില്‍ വിജയന്‍ സര്‍ എന്നെ വിളിച്ചിട്ട് ‘ഓര്‍മക്കായ്’ എന്ന ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍ താങ്കളാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. ഇപ്പോള്‍ ഞാനിവിടെ സംഗീത സംവിധായകനായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതിന്റെ പ്രധാന കാരണം അദ്ദേഹമാണ്. നന്ദി എന്ന കടപ്പാട് കൊണ്ടൊന്നും ചെയ്തു തന്നതിന് പകരമാവില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും എം ജയചന്ദ്രനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ചില ന്യുജെന്‍ നാട്ടുവിശേഷങ്ങള്‍’.
ഇപ്പോള്‍ ഇറങ്ങുന്ന മിക്ക പടത്തിലും താന്‍ പാടിയ പാട്ടുകളുടെ നാല് വരി ഉള്‍പ്പെടുത്തിയ ശേഷം ഇടയ്ക്ക് സംഭാഷണങ്ങളും മറ്റും ചേര്‍ക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചിത്രങ്ങളില്‍ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും, മനോഹരമായ ദൃശ്യാവിഷ്‌കാരത്തോടെ അദ്ദേഹം ഗാനങ്ങള്‍ പൂര്‍ണമായും സിനിമയില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും തുടര്‍ന്ന് സംസാരിച്ച ഗായകന്‍ പി ജയചന്ദ്രന്‍ പറഞ്ഞു.
ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ട്രെയിലറും അതിഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. വന്‍ കരഘോഷത്തോടെയാണ് ഗാനങ്ങളും ട്രെയിലറും പ്രേക്ഷകര്‍ സ്വീകരിച്ചത്. അതിമനോഹരമായ സംഗീതത്തില്‍ അതീവ ദൃശ്യചാരുതയോടെ ഒരുക്കിയ ഗാനങ്ങള്‍ അതിഥികളുടെ മനം കവര്‍ന്നു. എം ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മൂന്ന് ഗാനങ്ങളുടെ രചന സന്തോഷ് വര്‍മയും രണ്ട് ഗാനങ്ങളുടെ വരികള്‍ ഈസ്റ്റ് കോസ്റ്റ് വിജയനുമാണ് എഴുതിയിരിക്കുന്നത്. യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി ജയചന്ദ്രന്‍, എംജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഒരു റൊമാന്‍സ് കോമഡി ഫാമിലി എന്റര്‍ടെയിനറായിരിക്കും ‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’.
Discussion about this post