നടന്‍ ആദിത്യന്‍ അപമാനിച്ചുവെന്ന മിനിസ്‌ക്രീന്‍ താരം ജീജയുടെ ആരോപണങ്ങളിലെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തി നടി അമ്പിളി ദേവിയുടെ കുറിപ്പ്. കഴിഞ്ഞ ദിവസമാണ് ആദിത്യന്‍ ജയന്‍ തന്നെ അപമാനിച്ചുവെന്നും സീരിയില്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയില്‍ നിന്നും ആദിത്യനെ പുറത്താക്കണമെന്ന ആവശ്യവുമായി ജീജ രംഗത്തെത്തിയത്.
സംഘടനയുമായി തനിക്കോ തന്റെ ഭര്‍ത്താവിനോ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും ഒരു ചാനല്‍ പ്രോഗ്രാമില്‍ വിവാഹ ആശംസകള്‍ പറയുന്ന രീതിയില്‍ തങ്ങളെ ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചപ്പോള്‍ അതിന്റെ മറുപടി ആയി തന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതാണെന്നും അമ്പിളി ദേവി പറയുന്നു.
‘സ്നേഹതൂവല്‍ എന്ന സീരിയയിലില്‍ ഇരുവരുടെയും അമ്മ താനായിരുന്നു. അതിനിടയ്ക്ക് നിങ്ങള്‍ രണ്ടു പേരുടെയും മാനസിക ഐക്യം ഞങ്ങള്‍ മനസിലാക്കിയിരുന്നു. പക്ഷേ ഇതിനിടയില്‍ നിങ്ങള്‍ രണ്ടു പേരും വേറെ രണ്ട് പേരെ വിവാഹം കഴിച്ചു. ഇപ്പോള്‍ ലോവലിനെ അമ്പിളി വേണ്ടാന്ന് വച്ചപ്പോഴും ആദിത്യന്‍ അമ്പിളിയെ സ്വീകരിച്ചപ്പോഴും വീണ്ടും ഞങ്ങള്‍ക്ക് സന്തോഷം തന്നെയാണ്. ഇനി ഭാവിയില്‍ സിനിമാ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് മൂന്നാമത് വിവാഹം നിങ്ങള്‍ കഴിക്കരുത്. ജീവിതത്തില്‍ തീര്‍ച്ചയായും അഡ്ജസ്റ്റ്മെന്റ് ആവശ്യമായ ഘടകമാണ്’. ജീജ ചാനലില്‍ പറഞ്ഞ വാക്കുകളാണ് ഇത്. ഇതിന് മറുപടി നല്‍കി ആദിത്യനും രംഗത്ത് വന്നിരുന്നു.
‘എന്റെ ഭാര്യ ആയ പെണ്‍കുട്ടിയെ അഭിനയിക്കാന്‍ കൊണ്ട് പോയി അഭിനയിപ്പിച്ചത് ഈ സ്ത്രീയാണ്. എനിക്കിവിടെ അഭിനയിക്കേണ്ട കാര്യമില്ല. എന്നെക്കുറിച്ച് ഇവര്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്ന് അറിയാം. 2009 മുതല്‍ ഞാന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ വൃത്തികെട്ട മുഖമാണ് ഇവര്‍ക്ക്. അമ്പിളിക്ക് ചിലപ്പോള്‍ പേടിയുണ്ടാകും പക്ഷെ എനിക്കില്ല. ഈ പറഞ്ഞത് ആശംസയാണോ, ഇതിലും ഭേദം ഒരു റീത്ത് വച്ചാല്‍ പോരായിരുന്നോ. അവരുടെ ഉള്ളിലെ നെഗറ്റീവ് ആണ് പുറത്ത് വന്നത്’.. ജീജയ്ക്ക് ആദിത്യന്‍ നല്‍കിയ മറുപടിയായിരുന്നു ഇത്. എന്നാല്‍ ഇതോടെ ആദിത്യന്‍ തന്നെ അപമാനിച്ചുവെന്ന് പറഞ്ഞ് ജീജ രംഗത്തെത്തുകയായിരുന്നു. ഇതിനുള്ള പ്രതികരണമാണ് ആദിത്യന്റെ ഭാര്യയും നടിയുമായി അമ്പിളി ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഈ വിഷയത്തെ കുറിച്ച് അധികം സംസാരിക്കാന്‍ എനിക്കറിയില്ല. ഒരുപാട് വിഷമം ഉണ്ട് ഈ കാര്യത്തില്‍.ശാരീരികമായ ചില വിഷമതകള്‍ കാരണം കഴിഞ്ഞ മീറ്റിംഗില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ അഭാവത്തില്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അവിടെ നടന്ന പ്രസംഗം എന്റെ ഒരു സഹപ്രവര്‍ത്തക യാണ് എന്നെ കേള്‍പ്പിച്ചത്. പിന്നീട് ഒരുപാട് സഹപ്രവര്‍ത്തകര്‍ മീറ്റിംഗില്‍ ഉണ്ടായ ഈ വിഷയത്തെ കുറിച്ചു ഞങ്ങളോട് വളരെ വിഷമത്തോടെ സംസാരിച്ചു. ഒരു സംഘടനാ മീറ്റിങ്ങില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ എന്നെനിക്കറിയില്ല. ഞാന്‍ സംഘടനയുടെ തുടക്കം മുതല്‍ അതില്‍ ഉള്ള ഒരു അംഗം ആണ്. സംഘടനയുമായി എനിക്കോ എന്റെ ഭര്‍ത്താവിനോ യാതൊരു പ്രശ്‌നങ്ങളും ഇല്ല. എന്റെ ഭര്‍ത്താവിനെ പറ്റി ഇതുവരെ ഒരു സഹപ്രവര്‍ത്തകരും യാതൊരു പരാതിയും സംഘടനയില്‍ പറഞ്ഞിട്ടില്ല.
ഒരു വര്‍ക്ക് സെറ്റിലും അദ്ദേഹം ഒരു പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടില്ല. ഒരു പ്രമുഖ ചാനല്‍ പ്രോഗ്രാമില്‍ വിവാഹ ആശംസകള്‍ പറയുന്നരീതിയില്‍ ഞങ്ങളെ ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചപ്പോള്‍ അതിന്റെ മറുപടി ആയി എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത് ജനങ്ങള്‍ കണ്ടതാണ്. ഞങ്ങള്‍ക്ക് ആരോടും ഒരു വിരോധവും ഇല്ല. സംഘടന പ്രസിഡന്റ് ആയ ശ്രീ. കെ.ബി.ഗണേഷ് കുമാര്‍, ഞങ്ങള്‍ ഏറെ ബഹുമാനിക്കുന്ന ഗണേശേട്ടനെ അപകീര്‍ത്തിപ്പെടുത്താന്‍വേണ്ടി മനപ്പൂര്‍വ്വം ഞങ്ങള്‍ ഒരു ചാനല്‍ പ്രോഗ്രാമിലും പോയിട്ടില്ല.
പലപ്പോഴും ഒരു നടനാണ് എന്നത് മറന്നു ഒരു മകന്റെ സ്ഥാനത്തു നിന്നാണ് അന്നത്തെ മാനസികാവസ്ഥയില്‍ എന്റെ ഭര്‍ത്താവ് പല ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞത്. ഞങ്ങള്‍ക്ക് ആരോടും ദേഷ്യം ഇല്ല. ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം ഉണ്ട്. ശാരീരികമായി ഒരുപാടു ബുദ്ധിമുട്ടുകള്‍ എനിക്ക് ഉണ്ട്. ഞങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കണം. എല്ലാവര്‍ക്കും നല്ലത് വരട്ടെ ????പല ഓണ്‍ലൈന്‍ മാധ്യമങ്ങളും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കൊണ്ടാണ് ഈ ന്യൂസ് പോസ്റ്റ് ചെയ്യുന്നത്.