തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊലൈയുതിര്‍ കാലം’. ചിത്രം ഒരു ഹൊറര്‍ ചിത്രമാണ്. അതേസമയം ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് കോടതി റിലീസ് തടഞ്ഞത്.
അന്തരിച്ച തമിഴ് എഴുത്തുകാരന്‍ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിര്‍ കാലം. ഈ നോവലിന്റെ പകര്‍പ്പവകാശം വാങ്ങിയ തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകനായ ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി റിലീസ് തടഞ്ഞിരിക്കുന്നത്.
ചിത്രം ഈ വെള്ളിയാഴ്ച തീയ്യേറ്ററുകളില്‍ എത്താനിരിക്കവേയാണ് ഇത്തരത്തില്‍ ഒരു നടപടി. 21ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍മ്മാതാക്കളോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബോളിവുഡ് പ്രൊഡ്യൂസര്‍ വാഷു ബഗ്നാനി നിര്‍മ്മിക്കുന്ന ആദ്യ തമിഴ് ചിത്രമായ കൊലൈയുതിര്‍ കാലം സംവിധാനം ചെയ്തിരിക്കുന്നത് ചക്രി തൊലേറ്റിയാണ്.
നയന്‍താര, പ്രതാപ് പോത്തന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
Discussion about this post