മക്കളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സെലിബ്രിറ്റി അമ്മമാരായ ബോളിവുഡ് താരങ്ങള്‍. എന്നാല്‍ ഈ അമ്മമാരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് സൂപ്പര്‍താരവും സൂപ്പര്‍ അമ്മയുമായ സുസ്മിത സെന്‍. സുസ്മിതയെ ശ്രദ്ധേയയാക്കുന്നത് അവര്‍ തന്റെ യൗവനകാലത്ത് തന്നെ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നു എന്ന സവിശേഷതകൊണ്ട് തന്നെയാണ്. 18-ാമത്തെ വയസില്‍ വിശ്വസുന്ദരി പട്ടംനേടിയ വേദിയില്‍ വച്ചാണ് ആദ്യമായി സുസ്മിത താന്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന് പറഞ്ഞത്.
പിന്നീട് 2001ല്‍ ആദ്യ മകള്‍ റിനിയെ ദത്തെടുത്ത് സുസ്മിത സകലരേയും അമ്പരപ്പിച്ചു. പിന്നീട് 2010ല്‍ മറ്റൊരു പെണ്‍കുഞ്ഞിനേയും സ്വന്തമാക്കി. അതേസമയം, ദത്തെടുക്കുന്ന കുട്ടികള്‍ തങ്ങളെ വിട്ടുപോകുമോയെന്നുള്ള ഭയം സുസ്മിതയേയും അലട്ടിയിരുന്നു. എന്നാല്‍, പിന്നീട് ആ ആശങ്ക തന്റെ മക്കള്‍ തന്നെ ദുരീകരിച്ചെന്നാണ് സുസ്മിത തുറന്നുപറയുന്നത്. റിനിക്ക് 16 വയസുള്ളപ്പോഴാണ് അവളൊരു ദത്തെടുക്കപ്പെട്ട കുട്ടിയാണെന്ന് താരം തുറന്നുപറഞ്ഞത്. സത്യമാണോ എന്നായിരുന്നു അവളുടെ ആദ്യ പ്രതികരണം. ‘നീ എന്റെ രക്തത്തില്‍ അല്ല ഹൃദയത്തിലാണ് ജനിച്ചത്’ എന്നായിരുന്നു സുസ്മിതയുടെ മറുപടി.
എപ്പോള്‍ വേണമെങ്കിലും നിനക്ക് സ്വന്തം മാതാപിതാക്കളെ അന്വേഷിച്ച് പോകാം. താന്‍ ഒരിക്കലും സ്വാതന്ത്ര്യത്തിന് തടസമാകില്ലെന്നും അവര്‍ ആരാണെന്നും എന്താണെന്നും അറിയില്ല, അതുകൊണ്ട് തന്നെ തെറ്റായ വിവരങ്ങള്‍ തന്ന് വഴിതെറ്റിക്കാനില്ലെന്നും സുസ്മിത പറഞ്ഞിരുന്നു.
എന്നാല്‍ മകളുടെ മറുപടി സുസ്മിതയിലെ അമ്മയുടെ മനസ് നിറയ്ക്കുന്നതായിരുന്നു. തനിക്ക് അതിന്റെ ആവശ്യമില്ലെന്നും, അവരെ കാണണമെന്നുള്ള ആഗ്രഹമില്ലെന്നും അവരെക്കുറിച്ച് അറിയേണ്ടെന്നും റിനി തുറന്നുപറഞ്ഞു. അമ്മ എന്ന നിലയില്‍ പരിപൂര്‍ണ്ണയായി തോന്നിയ നിമിഷമായിരുന്നു അതെന്നാണ് ഒരു അഭിമുഖത്തില്‍ സുസ്മിത വെളിപ്പെടുത്തിയത്.
Discussion about this post