സീരിയലില്‍ ബാലതാരമായി വന്ന് സിനിമയില്‍ താരമായി മാറിയ നടിയാണ് നമിത പ്രമോദ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് നായികയായി എത്തിയ ആദ്യ ചിത്രം. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നമിത തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ നമിത ആയിരുന്നു നായിക.
ഇപ്പോഴിതാ വിവാഹശേഷം താന്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു സിനിമ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വിവാഹ ശേഷം അഭിനയിക്കില്ലെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ? എന്ന ചോദ്യത്തിനാണ് നമിത ഈ മറുപടി നല്‍കിയത്.
വിവാഹശേഷം ഒരാള്‍ അഭിനയിക്കുന്നതും അഭിനയിക്കാതെ ഇരിക്കുന്നതും അവരുടെ ഇഷ്ടമാണ്. എന്നാല്‍ ഞാന്‍ സെറ്റില്‍ ആയി കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. ഞാന്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഈ മേഖലയില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ ഹെയര്‍ ചെയ്ത് തരാനും ഡ്രസ് എടുത്തു തരാനുമൊക്കെ ആളുണ്ടാകും. എന്നാല്‍ പിന്നീടു എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂ.
വിവാഹം കഴിഞ്ഞ് സെറ്റിലായ ശേഷം അതുമായി പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസപ്പെടുന്ന ധാരാളം നടിമാരെ എനിക്കറിയാം. ഇപ്പോഴും പണ്ടത്തെ ഓര്‍മ്മയില്‍ കണ്ണാടിയുടെ മുന്നില്‍ ലിപ്സ്റ്റിക്കൊക്കെ ഇട്ടുനില്‍ക്കാറുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. എന്നെ സംബന്ധിച്ച് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് ഫാമിലിക്കാണ്. സിനിമയാണ് എന്റെ ജീവിതം എന്നൊന്നും ഒരിക്കലും ഞാന്‍ കരുതുന്നില്ല. സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകുവെന്നും നമിത കൂട്ടിച്ചേര്‍ത്തു. ദിലീപ് നായകനായി എത്തിയ കമ്മാരസംഭവം ആണ് ഒടുവില്‍ തീയ്യേറ്ററിലെത്തിയ നമിതയുടെ ചിത്രം.