നടന് വിനായകന് പൂര്‍ണ്ണപിന്തുണയുമായി സംവിധായകന് മിഥുന് മാനുവല്‍ തോമസ് രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ വിനായകന് നടത്തിയ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് നടന്ന വംശീയ സൈബര്‍ ആക്രമണങ്ങളില്‍ താരത്തിന് പിന്തുണയര്‍പ്പിച്ചു കൊണ്ടാണ് മിഥുന് എത്തിയത്.
ഫേസ്ബുക്കിലൂടെയാണ് മിഥുന് വിനായകന് പിന്തുണയറിയിച്ചത്. താനൊരു ഇടതുപക്ഷ സഹയാത്രികനായതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു വിനായകന് പറഞ്ഞത്.
തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയ വിനായകനെതിരെ പിന്നീട് സൈബര്‍ ആക്രമണം നടന്നിരുന്നു. വിനായകന്റെ സിനിമ വരെ ബഹിഷ്കരിക്കുമെന്ന രീതിയിലുള്ള കമന്റുകളും പ്രചരിച്ചു. എന്നാല്‍ പിന്നീട് വിനായകന് പിന്തുണയര്‍പ്പിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച ആളല്ല സാര്‍ .. ഇയാള്‍ വേറെ ലൈനാണ് ..!’; എന്ന പ്രസിദ്ധ സിനിമാ ഡയലോഗോടെ വിനായകന് ഡ്യൂഡ് വേഷത്തില്‍ നില്ക്കുന്ന ഫോട്ടോയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് മിഥുന് വിനായകന് കട്ട സപ്പോര്‍ട്ടു നല്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
Discussion about this post