ഒരു വര്‍ഷം കൊണ്ട് ജീവിതത്തില്‍ സംഭവിച്ച വലിയ മാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംഗീതസംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത. തന്റെ ആദ്യ ജിം വാര്‍ഷികത്തിലാണ് ഭാരം കുറച്ചതിനെ കുറിച്ചും ഒരു വര്‍ഷം കൊണ്ട് ഉണ്ടായ മാറ്റങ്ങളെ കുറിച്ചുമാണ് അദ്ദേഹം പങ്കുവെച്ചത്. 110കിലോയില്‍ നിന്നും 80 കിലോയിലേയ്ക്കാണ് കുറഞ്ഞത്, അതും ഒരു വര്‍ഷം കൊണ്ട്.
110 കിലോ ഭാരമുണ്ടായിരുന്ന താന്‍ എന്തുകൊണ്ടാണ് മാറ്റത്തെക്കുറിച്ച് ചിന്തിച്ചതെന്നും ഗോവിന്ദ് തുറന്ന് പറയുന്നുണ്ട്. ”ഇന്നെന്റെ ആദ്യ ജിം വാര്‍ഷികമാണ്. എന്റെ ജീവിതം മാറ്റിമറിച്ച ദിനം. ഓരോ വിഷയങ്ങളെ സമീപിക്കുന്ന രീതി, പ്രശ്‌നങ്ങളോടുള്ള കാഴ്ചപ്പാട് എന്തിന് എന്നെത്തന്നെ മാറ്റിമറിച്ച ദിനങ്ങള്‍. ഇപ്പോഴും ഒരുപാട് പേര്‍ എന്നോട് ചോദിക്കും, ജിമ്മും വ്യായാമവുമൊക്കെ തുടങ്ങണം, മാറണം എന്ന് പെട്ടെന്ന് തോന്നിയത് എന്തുകൊണ്ടാണെന്ന്. ഉത്തരം വളരെ ലളിതമായി ഉറക്കെ പറയാം, ബോഡി ഷെയ്മിങ്. ചിലര്‍ക്ക് ഇത് വളരെ നിസാരമായി തോന്നാം’
പക്ഷേ ബോഡി ഷെയ്മിങ് എന്നത് ഗുരുതര രോഗം പോലെ ചിലരെ ബാധിച്ചേക്കാമെന്ന് ഗോവിന്ദ് കുറിക്കുന്നു. താനും അതില്‍ ഒരു ഇരയാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒരാളുടെ ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും ബോഡി ഷെയ്മിങ് തകര്‍ത്തേക്കാമെന്നും, എവിടെയും പരിഹസിക്കപ്പെടുമെന്ന ഭയം കാരണം സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടാമെന്നും ഗോവിന്ദ് തുറന്ന് എഴുതി.
മാത്രമല്ല, ബോഡി ഷെയ്മിങ് അപകര്‍ഷതാ ബോധത്തിലേക്കും അതുവഴി നിരാശയിലേക്കും നമ്മെ എടുത്തെറിയുമെന്ന് അദ്ദേഹം കുറിച്ചു. അത്തരത്തില്‍ ഒരു ഉദാഹരണമാണ് താനെന്നും ഗോവിന്ദ് വെളിപ്പെടുത്തി. ബോഡി ഷെയ്മിങ്ങിന്റെ ഇരയാണ്. എനിക്ക് ചുറ്റുമുള്ള ആരും ഓര്‍ക്കുന്നുപോലുണ്ടാകില്ല, പല സാഹചര്യങ്ങളിലായി അവരെന്നെ ബോഡിഷെയ്മിങ് നടത്തിയിട്ടുണ്ടെന്ന്. തടിയന്‍ എന്ന് വിളിച്ച് പരിഹസിച്ചിട്ടുണ്ട്. സ്ത്രീകളെക്കാള്‍ വലിയ മാറിടങ്ങള്‍ ഉള്ളവന്‍ എന്നും വിഡ്ഢി എന്നു പോലും പരിഹസിച്ചിട്ടുണ്ടെന്നും ഗോവിന്ദ് വെളിപ്പെടുത്തി.
ഇതാണ് ലോകം. ഭൂരിഭാഗം ആളുകള്‍ക്കും ബോഡി ഷെയ്മിങ് വളരെ നിസ്സാരമായ ഒരു കാര്യമാണ്. പലരും അത് ശ്രദ്ധിക്കാറുപോലുമില്ല. പക്ഷേ ഇത്തരം തമാശകള്‍ നിരന്തരമായി കേള്‍ക്കുന്ന ഒരാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് വഴുതിവീഴാം, മാനസികമായും ശാരീരികമായും തകരാം. ഇതൊക്കെ തന്നെയാണ് സ്വയം കണ്ടെത്തലിന്റെ വഴിയിലേക്ക് എന്നെയും കൊണ്ടെത്തിച്ചതെന്നും ശേഷമുള്ള മാറ്റത്തിന് കാരണമെന്നും അദ്ദേഹം കുറിച്ചു. ഇതാ ഞാന്‍, ഒരുവര്‍ഷത്തിന് ശേഷം, ഇതുവരെയുള്ള ഏറ്റവും മികച്ച ഞാന്‍. എന്റെ ജീവിതത്തിലെ ബോഡി ഷെയ്‌മേഴ്‌സിനോടാണ് ഈ മാറ്റത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. നന്ദി. 110 കിലോയില്‍ നിന്ന് 80 കിലോയിലേക്ക്. ഇനിയുമേറെ ദൂരം പോകാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
110 കിലോ ഉണ്ടായിരുന്നപ്പോള്‍ എടുത്ത ചിത്രവും ശേഷമുള്ള ഓരോ മാറ്റത്തിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് അദ്ദേഹം മാറ്റം വെളിപ്പെടുത്തിയത്. ഒരു വര്‍ഷം കൊണ്ട് നടത്തിയ ഈ മാറ്റം അമ്പരപ്പിക്കുന്നതാണെന്നാണ് സോഷ്യല്‍മീഡിയയും ഒന്നടങ്കം പറയുന്നത്. സംഭവം ഏതായാലും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. തടിയുടെ പേരില്‍ കളിയാക്കി അവരെ മാനസികമായി തളര്‍ത്തുന്നവര്‍ക്കുള്ള ഒരു മറുപടിയാണ് ഗോവിന്ദിന്റെ ഈ മാറ്റമെന്നാണ് സമൂഹമാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post