സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭാരത്’. എന്നാല്‍ ചിത്രത്തിന് ഭാരത് എന്ന പേര് നല്‍കിയത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് വിപിന്‍ ത്യാഗി എന്ന ആള്‍.
‘ഈ ചിത്രം സല്‍മാന്‍ ഖാന്റെ പതിവ് വായാടിത്തവും അശ്ലീലവും നിറഞ്ഞതാണ്. ഒരു ഭാരതീയനെന്ന നിലയില്‍ നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ പേര് ഈ ചിത്രത്തിനൊപ്പം ചേര്‍ക്കുന്നത് ശരിയല്ല’ എന്നാണ് ത്യാഗി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് പുറമെ ചിത്രത്തിലെ കഥാപാത്രത്തെ രാജ്യവുമായി താരതമ്യം ചെയ്യുന്ന സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ദേശീയ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ സംഭാഷണം എന്നാണ് വിപിന്‍ ത്യാഗിയുടെ ആരോപണം.
കൊറിയന്‍ ചിത്രമായ ‘ഓഡ് റ്റു മൈ ഫാദര്‍’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഭാരത്. 1947ലെ ഇന്ത്യ വിഭജനകാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അലി അബ്ബാസ് സഫര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിവിധ ഗെറ്റപ്പിലാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നത്. തബു, ദിഷ പട്ടാനി, ജാക്കി ഷറോഫ്, സുനില്‍ ഗ്രോവര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ടി സീരീസും സല്‍മാന്‍ ഖാന്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഈദ് റിലീസായാണ് തീയ്യേറ്ററുകളില്‍ എത്തുന്നത്.
Discussion about this post