തൊട്ടപ്പനിലെ സാറ; പ്രിയംവദ കൃഷ്ണനുമായുള്ള അഭിമുഖം- വീഡിയോ കാണാം

തൊട്ടപ്പനിലെ സാറയായി എത്തുന്ന മലയാളത്തിന്റെ ഏറ്റവും പുതിയ നായിക പ്രിയംവദ കൃഷ്ണന്‍ ബിഗ് ന്യുസ് ലൈവിനോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

തൊട്ടപ്പനിലെ സാറയായി എത്തുന്ന മലയാളത്തിന്റെ ഏറ്റവും പുതിയ നായിക പ്രിയംവദ കൃഷ്ണന്‍ ബിഗ് ന്യുസ് ലൈവിനോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

വിശദീകരിക്കാന്‍ പറ്റാത്ത അത്ര സന്തോഷത്തിലാണ് താനെന്ന് പ്രിയംവദ പറയുന്നു. എപ്പോഴും സ്വപ്‌നം കണ്ടൊരു കാര്യമാണ് അഭിനയിക്കണം എന്നത്, അതും നല്ല കഥാപാത്രമായിട്ട് അഭിനയിക്കണം. അങ്ങനെ സംഭവിക്കുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. നല്ലൊരു കാസ്റ്റിന്റേയും ക്രൂവിന്റേയുമൊപ്പം തുടക്കം കുറിക്കുക എന്നത് ഒരു അനുഗ്രഹമാണ് എന്നും പ്രിയംവദ പറയുന്നു.

അഭിനയത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍… വിനായകന്റെ കൂടെയുള്ള അനുഭവം…

ഞാന്‍ അഭിനയിക്കണം എന്ന് സ്വപ്‌നം കാണ്ട് തുടങ്ങിയത് നല്ല നല്ല സിനിമകളും കഥാപാത്രങ്ങളും കാണുമ്പോഴാണ്. വിനായകന്‍ സര്‍ എന്നു പറയുമ്പോള്‍, അദ്ദേഹം ഒരു വലിയ നടനാണ്. നല്ല നല്ല കഥാപാത്രങ്ങളും സിനിമകളും. അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ തോന്നാറുണ്ട് എനിക്ക് ഇതുപോലുള്ള സിനിമകള്‍ ചെയ്യണം ഇതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്യണം. റിയലായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യണം എന്ന്. അപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും വിചാരിച്ചിട്ടില്ലായിരുന്നു ഒരുമിച്ച് അഭിനയിക്കാന്‍ പറ്റും എന്ന്.

ലൊക്കേഷനെക്കുറിച്ച്…

ഈ സിനിമയുടെ ലൊക്കേഷന്‍ കടമക്കുടിയും പൂച്ചാക്കരയുമാണ്. പാട്ടില്‍ കണ്ടപോലെ തന്നെ ഞങ്ങളുടെ സിനിമയില്‍ ലൊക്കേഷന്‍ ഒരു കഥാപാത്രമാണെന്നുതന്നെ പറയാം. പ്രധാനമായൊരു കഥാപാത്രം തന്നെയാണ് ലൊക്കേഷന്‍. പ്രകൃതി ഭംഗി അത്രയും മനോഹരമായിട്ട് ഷാനവാസ് സാറും സിനിമാറ്റോഗ്രാഫര്‍ സുരേഷ് സാറും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ആ സ്ഥലം കൊച്ചിയാണെന്നു പറയുന്നില്ലെങ്കിലും കഥാപാത്രങ്ങളുടെ ഭാഷയുടെ ശൈലി കൊച്ചിയുടേതാണ്. അതുകൊണ്ട് സിനിമ കാണുമ്പോള്‍ മനസ്സിലാകും കോച്ചിയിലെ ഒരു തുരുത്തിന്റെ കഥയാണെന്ന്.

മുന്‍ പരിചയം… നൃത്തത്തെക്കുറിച്ച്…

സിനിമയില്‍ അഭിനയിക്കുന്നത് ആദ്യമായാണ്. പക്ഷേ പ്രേക്ഷകരെ അഭിമുഖീകരിച്ച് പരിചയമുണ്ട്. കാരണം സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ ഒരു ഡാന്‍സര്‍ കുടിയാണ്. അമ്മ പല്ലവി കൃഷ്ണ പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയാണ്. ബംഗാളില്‍ നിന്നും നൃത്തം പഠിക്കാന്‍ വേണ്ടി കേരളത്തില്‍ വന്ന് താമസമാക്കിയ വ്യക്തിയാണ് അമ്മ. അമ്മയോടൊപ്പം വിദേശത്തും സ്വദേശത്തും ഒരുപാട് വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അത് എന്നെ ഒരുപാട് സഹായിച്ചു. ചെറുപ്പം തൊട്ടേ കലാപരമായ അന്തരീക്ഷത്തില്‍ വളര്‍ന്നതുകൊണ്ട് വലുതാകുമ്പോള്‍ കലാകാരിയാകണമെന്ന് എപ്പോഴൊക്കെയോ ഞാനും ആഗ്രഹിച്ചിട്ടുണ്ട്.

തുടക്കക്കാരിയുടെ ആശങ്കകള്‍…

സാറ എന്ന കഥാപാത്രമാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് തൊട്ടപ്പന്റെ സാറക്കൊച്ച്. ആ കഥാപാത്രം വളരെയധികം റെസ്‌പോണ്‍സിബിലിറ്റി ഉള്ളതായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ എല്ലാം നന്നായി സപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിസ് നൊറോണ എഴുതിയ സാറയാകാന്‍ പറ്റുമോ, റഫീക്ക് എഴുതിയപ്പോള്‍ ഉള്ള സാറയാകാന്‍ പറ്റുമോ, ഷാനവാസ് സര്‍ മനസ്സില്‍ കണ്ട സാറയാകാന്‍ പറ്റുമോ എന്നെല്ലാം വലിയ ആശങ്കകള്‍ ഉണ്ടായിരുന്നു.

കൂടെ അഭിനയിച്ചവര്‍…

ഒപ്പം അഭിനയിച്ചവരെല്ലാം മുന്‍പ് അഭിനയിച്ച് നല്ല പരിചയമുള്ളവരായിരുന്നു. ഇവരെല്ലാം ഞാന്‍ സ്‌ക്രീനില്‍ മാത്രം കണ്ട് ഏറെ ആരാദിച്ച വ്യക്തികളായിരുന്നു. അവരുടെ കൂടെയാണ് അഭിനയിച്ചത്. രഘുനാഥ് പാലേരി സാര്‍ ആദ്യം അഭിനയിക്കുന്ന സിനിമയാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ ഷോട്ട് എന്റെ കൂടെയായിരുന്നു. ഏറ്റവും സന്തോഷം തന്ന കാര്യമായിരുന്നു അത്. അദ്ദേഹം വളരെയധികം പോസിറ്റീവ് എനര്‍ജി തരുന്ന ആളാണ്. കാണാന്‍ പോലും കഴിയും എന്ന് വിചാരിക്കാത്ത രഘുനാഥ് പാലേരി സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്. ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ ഉള്ളത് റോഷന്റെ കൂടെയായിരുന്നു. റോഷനും ഒരുപാട് സഹായിച്ചു.

‘തൊട്ടപ്പന്‍’ എന്ന ചെറുകഥ…

‘തൊട്ടപ്പന്‍’ എന്ന ചെറുകഥ മുന്‍പ് പത്രത്തില്‍ വന്നപ്പോള്‍ അച്ഛന്‍ വായിച്ചു തന്നിരുന്നു. പക്ഷേ അന്നത് അത്ര വിശദമായി ശ്രദ്ധിച്ചിരുന്നില്ല. ‘തൊട്ടപ്പന്‍’ ചെറുകഥ ആണെങ്കിലും വളരെ ആഴമുള്ള കഥയും കഥാപാത്രങ്ങളുമാണ് അതിലുള്ളത്. പിന്നെ സിനിമ തുടങ്ങുന്നതിന് മുന്‍പ് ഒരു ആക്ടേഴ്‌സ് ക്യാംപ് ഉണ്ടായിരുന്നു. അപ്പോള്‍ ഫ്രാന്‍സിസ് നൊറോണ സര്‍ വന്ന് ചെറുകഥ വായിച്ചു തന്നു. സ്‌ക്രിപ്റ്റ് വായിക്കുന്നതിന് മുന്‍പ് ചെറുകഥ വായിച്ചിരുന്നു. അപ്പോള്‍ വല്ലാതെ ഇന്‍വോള്‍വ്ഡ് ആയിപ്പോയി. പക്ഷേ ചെറുകഥ അല്ല സ്‌ക്രിപ്റ്റ്. അതിലെ കഥാപാത്രങ്ങളേയും പിന്നെ തൊട്ടപ്പനും മകളും തമ്മിലുള്ള റിലേഷന്‍ഷിപ്പും മാത്രമേ സിനിമയ്ക്കായി എടുത്തിട്ടുള്ളൂ.

കഥാപാത്രം തെരഞ്ഞെടുത്തത്…

ഓഡിഷന് പോയി. കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എങ്ങനെയോ കിട്ടി. അതിന് ശേഷമാണ് കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും അറിയുന്നത്. അതിനെക്കുറിച്ച് ചിന്തിക്കുന്നത്. നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. എല്ലാവരുടെയും പ്രതീക്ഷ പോലെ അഭിനയിക്കാന്‍ കഴിയുമോ എന്ന് പേടി ഉണ്ടായിരുന്നു. കാസ്റ്റും ക്രൂവും നന്നായി സഹായിച്ചു.

പ്രിയംവദ എങ്ങനെയാണ്… ഡബ്ല്യുസിസി പോലുള്ള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട്…

ഞാന്‍ ബോള്‍ഡും ഇമോഷണലും ആണ്. ബാലന്‍സ്ഡ് ആണ്.
സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും പ്രശ്‌നങ്ങള്‍ ഉണ്ട്. നമ്മളോട് ഒരാള്‍ നീതികേട് കാട്ടിയാല്‍ നമ്മള്‍ നമുക്ക് വേണ്ടി ഉറച്ചു നില്‍ക്കുക തന്നെ ചെയ്യണം.

ആളുകളുടെ പ്രതികരണം… പ്രിയംവദ എങ്ങനെ സാറയായി…

പാട്ടിന് വന്ന കമന്റുകളൊക്കെ വായിച്ചു. എല്ലാവരും കണ്ണിനെക്കുറിച്ചാണ് പറഞ്ഞത്.
അത് സത്യത്തില്‍ ലെന്‍സാണ്. കഥാപാത്രത്തിന് പ്രിയംവദയോട് ഒരു സാമ്യവും ഇല്ല. കഥാപാത്രമാകാന്‍ മേക്ക് ഓവര്‍ നടത്തി. മൂന്ന് മാസം പുരികം ത്രഡ് ചെയ്യാതെ ഇരുന്നു. മാക്‌സിമം നാടന്‍ ലുക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ മാത്രമല്ല എല്ലാവരുടേയും ലുക്കില്‍ മാറ്റമുണ്ട്.

‘പ്രിയംവദ ആദ്യമായിട്ട് അഭിനയിക്കുകയാണെന്ന് തോന്നില്ല. അത്രയും ഒതുക്കത്തോടെയാണ് ആ കുട്ടി അഭിനയിക്കുന്നത്.’ എന്നാണ് രഘുനാഥ് പാലേരി പ്രിയംവദയെക്കുറിച്ച് പറഞ്ഞത്.
‘നല്ല ബുദ്ധിയുള്ള നടിയാണ് പ്രിയംവദ. അങ്ങനൊരാള്‍ക്കേ ഇത്തരമൊരു കഥാപാത്രം തെരഞ്ഞെടുക്കാന്‍ പറ്റൂ.’ എന്നായിരുന്നു പ്രിയംവദയെക്കുറിച്ചുള്ള സുനില്‍ സുഗതയുടെ അഭിപ്രായം.

Exit mobile version