തിരുവനന്തപുരം: അഭിനയമികവിനെ വാഴ്ത്തിക്കൊണ്ട് പോസ്റ്റ് ചെയ്ത ആരാധകന്റെ കുറിപ്പിന് താഴെ വന്ന അധിക്ഷേപകരമായ കമന്റിന് ചുട്ടമറുപടി നല്‍കി നടന്‍ ഷൈന്‍ ടോം ചാക്കോ. ‘പുള്ളി കഞ്ചാവ് കേസ് അല്ലേ’ എന്ന് കമന്റ് ചെയ്ത വ്യക്തിക്കാണ് പേര് മെന്‍ഷന്‍ ചെയ്തുകൊണ്ട്, കഞ്ചാവ് കേസല്ല കൊക്കെയ്ന്‍ കേസ് എന്ന തിരുത്തല്‍ കമന്റ് ഷൈന്‍ പോസ്റ്റ് ചെയ്തത്.
ഷൈന്‍ ടോം ചാക്കോ നിങ്ങള്‍ ഒരു സംഭവമാണ് എന്ന് പറഞ്ഞുകൊണ്ട് വിഷ്ണു പിഎസ് എന്ന ആരാധകന്റെ പോസ്റ്റാണ് എല്ലാ സംഭവങ്ങള്‍ക്കും തുടക്കമിട്ടത്. ഷൈന്‍ ടോമിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന മുഖം അന്നയും റസൂലിലേയും അബു ആണെന്നും പിന്നെ അങ്ങനെയൊരു റോളില്‍ കണ്ടത് കമ്മട്ടിപ്പാടത്തിലെ ജോണി ആണെന്നും ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സുകു എന്ന കഥാപാത്രത്തിലൂടെ ഷൈന്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചെന്നും ഗുണ്ടാ റോളില്‍ തകര്‍ത്തു മുന്നേറുന്നതിനിടെ കൊന്തയും പൂണൂലിലേയും മാര്‍ട്ടിന്‍ ആയിട്ട് വന്ന് ഗുണ്ടാ റോള്‍ മാത്രമല്ല ചെയ്യാന്‍ കഴിയുന്നത് എന്ന് കാണിച്ചുവെന്നും പറഞ്ഞുകൊണ്ടായിരുന്നു ആ പോസ്റ്റ്.
ഇതിന് താഴെ പോസ്റ്റിനെ അനുകൂലിച്ച് നിരവധി കമന്റുകളും വന്നിരുന്നു. ഇത്രയേറെ കഴിവുള്ള നടനെ മറ്റുള്ളവര്‍ കഞ്ചാവ് കേസിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് കാണുമ്പോള്‍ ദേഷ്യം തോന്നാറുണ്ടെന്നായിരുന്നു ചില കമന്റുകള്‍. ഇതിനു പിന്നാലെയാണ് ഗോകുല്‍ ബാലകൃഷ്ണന്‍ എന്ന യൂസര്‍ ഷൈന്‍ ടോമിനെതിരായ കഞ്ചാവ് കേസ് സത്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ‘ നല്ല നടനാണെന്ന് വെച്ച് പേഴ്സണല്‍ ആയ കാര്യങ്ങളില്‍ നല്ലത് വേണം എന്നില്ലല്ലോ നമുക്ക് അറിയാവുന്ന കാര്യമാണ്. പുള്ളിക്കെതിരായ കഞ്ചാവ് കേസ് ഉള്ളതാണ്’ എന്നായിരുന്നു ഈ കമന്റ്. തൊട്ട് താഴെ തന്നെ ഷൈന്‍ ടോം ചാക്കോ മറുപടിയുമായി എത്തി. തനിക്കെതിരെ കഞ്ചാവ് കേസല്ല കൊക്കൈയ്ന്‍ കേസാണ് ഉള്ളത് എന്നായിരുന്നു ഷൈനിന്റെ പ്രതികരണം.
2015 ജനുവരി 30 ന് നടന്‍ ഷൈന്‍ ടോം ചാക്കോയെ കൊക്കെയ്ന്‍ കൈവശം വെച്ച കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. നടനേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പോലീസ് പിടികൂടുകയായിരുന്നു. തനിക്കെതിരായ കേസിന് പിന്നില്‍ ചില ഗൂഢാലോചനകള്‍ നടന്നതായി പിന്നീട് ഷൈന്‍ ടോം ചാക്കോ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ആരോടും ശത്രുതയില്ല. ആര്‍ക്കെങ്കിലും തന്നോട് ശത്രുതയുണ്ടോയെന്ന കാര്യം അറിയില്ലെന്നും സത്യം പുറത്തുവരുമെന്നും ഷൈന്‍ പറഞ്ഞിരുന്നു.
Discussion about this post