കോഴിക്കോട്: കേരള പുനര്‍നിര്‍മ്മാണത്തിനായുള്ള ഡോക്യുമെന്ററി ‘വാട്ടര്‍ലെവല്‍’ കോഴിക്കോട് എംടി വാസുദേവന്‍ നായര്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. പ്രളയാനന്തര കേരളത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായ കേരള പുനര്‍നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്നതാണ് വാട്ടര്‍ലെവല്‍ എന്ന ഡോക്യുമെന്ററി. ഇത്തരമൊരു ആശയം ഉരുത്തിരിയുന്നത് കാലിക പ്രസക്തവും ഗൗരവതരവുമായ ദൃശ്യാന്വേഷണം പ്രളയാനന്തരകേരളത്തെ സംബന്ധിച്ചിടത്തോളം തികച്ചും അനിവാര്യമായ ഒന്നാണെന്ന വിലയിരുത്തലില്‍ നിന്നാണ്.
പുനര്‍നിര്‍മ്മാണത്തിന്റെ സാധ്യതകളും വെല്ലുവിളികളും ഒപ്പം ഏത് തരത്തിലാവണം പുനര്‍നിര്‍മ്മാണം എന്നതും വെല്ലുവിളികളെ എങ്ങനെ അതിജീവിക്കണമെന്നും അതിനായി എങ്ങനെയുള്ള സമീപനവും പ്രവര്‍ത്തനപദ്ധതികളുമാണ് സ്വീകരിക്കേണ്ടതെന്നും ഈ ഡോക്യുമെന്ററി അന്വേഷിക്കുന്നു.
ഈ വിഷയത്തിലെ പ്രമുഖരുടെയും വിദഗ്ധരുടെയും വിശകലനങ്ങളെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷില്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രളയാനന്തരനിര്മ്മാണത്തെ സംബന്ധിച്ച് ഏക്കാലവും പരിഗണിക്കപ്പെടുന്ന ഒന്നാക്കി മാറ്റാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.
പ്രൊജക്ടിന്റെ രക്ഷാധികാരി ഡോ. എംകെ മുനീറാണ്. ട്രൂത്ത് ഗ്രൂപ്പിന്റെ ബാനറില്‍ ഖത്തറിലെ യുവ വ്യവസായി സമദ് ട്രൂത്ത് ആണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഫൈസല്‍ നൂറുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ നോവിന് വാസുദേവാണ്.
രചന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി അരുണ്‍കുമാറാണ്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കും. റിസര്‍ച്ച് ടീം ഹെഡ് സൈറ സലീം. ഡിസൈന്‍സ് രാജേഷ് ചാലോട്. സാങ്കേതികമേഖലയില്‍ പ്രശസ്ത സൗണ്ട് ഡിസൈനര്‍ പിഎം സതീഷ് ഉള്‍പ്പെടെയുള്ളവര്‍ ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്നുണ്ട്.
Discussion about this post