ഗോകുലന്‍ ഗോപാലന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘നേതാജി’ക്ക് ഗിന്നസ് റെക്കോര്‍ഡ്. ആദിവാസി ഭാഷകളില്‍ പ്രമുഖമായ ഇരുള ഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ സിനിമ എന്ന പേരിലാണ് നേതാജി ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. പ്രമുഖ സിനിമാ നിര്‍മ്മാതാവായ ഗോകുലം ഗോപാലന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ കാണാപ്പുറങ്ങളാണ് ചിത്രത്തിന്റെ പ്രേമേയം. വിശ്വഗുരു എന്ന സിനിമ സംവിധാനം ചെയ്ത വിജീഷ് മണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥ എഴുതിയതും വിജീഷ് ആണ്. നേതാജിയിലൂടെ രണ്ടാമത്തെ ഗിന്നസ് റെക്കോര്‍ഡ് ആണ് വിജീഷ് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തേ വിശ്വഗുരു എന്ന ചിത്രത്തിന് വിജീഷ് ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോണി കുരുവിള, ഗോകുലം ഗോപാലന്‍, സംവിധായകന്‍ വിജീഷ് മണി എന്നിവര്‍ക്കാണ് ഗിന്നസ് ബുക്ക് അധികൃതര്‍ പുരസ്‌കാരം സമര്‍പ്പിച്ചത്. ചിത്രത്തില്‍ ഗോകുലം ഗോപാലന് പുറമെ ‘ക്ലിന്റ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മാസ്റ്റര്‍ അലോക് യാദവ്, പ്രശസ്ത പത്രപ്രവര്‍ത്തകര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്.