മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയെ പോലെ തെലുങ്ക് സിനിമാ മേഖലയിലും വനിതാ കൂട്ടായ്മ രൂപികരിച്ചു. ‘വോയ്സ് ഓഫ് വിമണ്‍’ (വിഒഡബ്ല്യൂ) എന്നാണ് സംഘടനയുടെ പേര്. നടി ലക്ഷ്മി മാഞ്ചു, നിര്‍മ്മാതാക്കളായ സ്വപ്ന ദത്ത്, സുപ്രിയ, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി എന്നിവര്‍ ചേര്‍ന്നാണ് ഈ സംഘടന രൂപികരിച്ചിരിക്കുന്നത്.
തെലുങ്ക് സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എണ്‍പതിലധികം വനിതകളാണ് വോയ്സ് ഓഫ് വിമണില്‍ അംഗങ്ങളായുള്ളത്. സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.
അഞ്ച് പേര്‍ ചേര്‍ന്ന് ആരംഭിച്ച വോയ്സ് ഓഫ് വിമണ്‍ എന്ന സംഘടനയില്‍ ഇപ്പോള്‍ 80 സ്ത്രീകളാണ് ഉള്ളത്. തെലുങ്ക് സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താനാണ് വോയ്സ് ഓഫ് വിമണ്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് തങ്ങളെ കൊണ്ട് കഴിയുന്ന വിധത്തില്‍ പരിഹാരം കാണുമെന്ന് നടി ലക്ഷ്മി മാഞ്ചു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊഴിലടത്തെ ലിംഗസമത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് സംഘടനയുടെ പ്രധാനലക്ഷ്യമെന്നും സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി മാസത്തില്‍ രണ്ട് തവണ യോഗം വിളിച്ച് ചേര്‍ക്കുമെന്നും മാഞ്ചു കൂട്ടിച്ചേര്‍ത്തു.
Discussion about this post