ദംഗല്‍ ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ഫാത്തിമ സന ഷെയ്ക്ക്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ ഈ താരസുന്ദരി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാവുകയും ചെയ്യാറുണ്ട്. പതിവുപോലെ തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ താരം പോലും കരുതിയിട്ടുണ്ടാവില്ല, ഇത്രയേറെ ആക്രമണങ്ങള്‍ ഈ ചിത്രത്തിന് ഏറ്റുവാങ്ങേണ്ടി വരുമെന്ന്.
ഫ്ളോറിഡയില്‍ അവധിയാഘോഷിക്കുന്ന താരം ഭക്ഷണം കഴിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്താണ് ചിലരെ പ്രകോപിപ്പിച്ചത്. പുണ്യ റംസാന്‍ മാസത്തില്‍ വ്രതം നോല്‍ക്കുന്നില്ലേ എന്ന് ചോദിച്ച് ഫാത്തിമയ്ക്ക് നേരേ ഒരു കൂട്ടര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്. ഫാത്തിമയുടെ വസ്ത്രധാരണത്തെയും ഇതോടൊപ്പം വിമര്‍ശിക്കുന്നുണ്ട്. ഫാത്തിമയെ പിന്തുണച്ചും പ്രതികൂലിച്ചും വാഗ്വാദം തന്നെ നടക്കുകയാണ് സോഷ്യല്‍മീഡിയയില്‍.
ഒടുവില്‍, ഇത് വലിയ പ്രശ്നമായി തോന്നുന്നുവെങ്കില്‍ ഓണ്‍ലൈനില്‍ വരേണ്ടെന്നും തന്നെ അണ്‍ഫോളോ ചെയ്യാമെന്നും വരെ ഫാത്തിമ പറഞ്ഞു. നേരത്തേ ബിക്കിനിയണഞ്ഞ ഫാത്തിമയുടെ ചിത്രത്തിനെതിരേയും സൈബര്‍ സദാചാര വാദികളുടെ കടന്നാക്രമണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ പരിഹാസത്തോടെ തള്ളുന്ന നിലപാടാണ് ഫാത്തിമ എപ്പോഴും കൈക്കൊള്ളാറുള്ളത്.
താരത്തിന് മുമ്പും വസ്ത്രധാരണത്തിന്റെ പേരില്‍ മൗലികവാദികളുടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ റംസാന്‍ കാലത്ത് പങ്കുവെച്ച താരത്തിന്റെ ഒരു ഗ്ലാമറസ് ചിത്രവും സമാനമായ രീതിയില്‍ ചിലരുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു.
Discussion about this post