കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയായ തൊട്ടപ്പനിലൂടെ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് മുന്നിലേക്ക് എത്തുന്നത് രണ്ട് തിരക്കഥാകൃത്തുക്കള്‍. തൊട്ടപ്പന്റെ തന്നെ തിരക്കഥാകൃത്തായ പിഎസ് റഫീഖും ഒട്ടനവധി ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി പ്രശസ്തനായ രഘുനാഥ് പാലേരിയുമാണ് ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.
സംവിധായകന്‍, തിരക്കഥാകൃത്ത്, കഥാകാരന്‍, നോവലിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ആളാണ് രഘുനാഥ് പാലേരി. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പൊന്മുട്ടയിടുന്ന താറാവ്, സന്താനഗോപാലം, പിന്‍ഗാമി, ദേവദൂതന്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് രഘുനാഥ് പാലേരി. ഒന്നു മുതല്‍ പൂജ്യം വരെ, കണ്ണീരിന് മധുരം എന്നീ രണ്ടു ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
‘ഞാന്‍ അഭിനയിച്ചിട്ടില്ല. അവര്‍ നിര്‍ദേശങ്ങളും തന്നില്ല. സ്‌ക്രിപ്റ്റ് മാത്രം വായിക്കാന്‍ തന്നു. കഥാപാത്രം ഇന്നതാണെന്ന് പറഞ്ഞു. എനിക്ക് എക്‌സ്പീരിയന്‍സ് ഉണ്ടെന്ന ധൈര്യമായിരുന്നു അവര്‍ക്ക്. ജീവിതത്തില്‍ ആദ്യമായാണ് താടി വളര്‍ത്തുന്നത്. കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചു. എനിക്ക് എല്ലാം കൗതുകമായിരുന്നു. ഒപ്പമുള്ളവര്‍ എല്ലാം നന്നായി എന്നു പറഞ്ഞു. അതുതന്നെ വലിയ സന്തോഷം. മക്കളെപ്പോലുള്ളവരുടെ കൂടെ അവര്‍ ആവശ്യപ്പെട്ടത് ചെയ്തുകൊടുത്തു എന്നേ ഉള്ളൂ.’- രഘുനാഥ് പാലേരി പറഞ്ഞു.
‘വിനായകന്‍ ഉള്‍ക്കരുത്തുള്ള നടനായിരുന്നു. ബഹാദൂര്‍ മുതല്‍ ഇങ്ങോട്ടുള്ളവരുടെ കൂടയെല്ലാം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കഴിവില്ലാത്ത ഒറ്റ ആര്‍ട്ടിസ്റ്റിനേപ്പോലും ഞാന്‍ കണ്ടിട്ടില്ല. സൗഹൃദവും എന്തും ചെയ്യാനുള്ള മനസ്സും ആണ് ഇപ്പോഴത്തെ സിനിമാക്കാരുടെ ഏറ്റവും വലിയ ഗുണം.’ എന്നും രഘുനാഥ് പാലേരി പറഞ്ഞു.
ഇന്ന് വൈകീട്ടാണ് രഘുനാഥ് പാലേരിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. സത്യന്‍ അന്തിക്കാട് തന്റെ സ്വന്തം പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഒപ്പം രഘുനാഥ് പാലേരിയെക്കുറിച്ച് ഒരു പോസ്റ്റും.
‘ഒരു ‘നാടോടിക്കാറ്റ്’ പോലെയാണ് രഘുനാഥ് പലേരി. എപ്പോള്‍ വരുമെന്നോ, വന്നാല്‍ എത്രനേരം നില്‍ക്കുമെന്നോ ഒന്നും പറയാന്‍ പറ്റില്ല. പലപ്പോഴും പലതരത്തില്‍ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരുപാടുകാലം മനസ്സിലിട്ട് ഉരുക്കിയിട്ടാണെങ്കിലും വെറും രണ്ടാഴ്ചകൊണ്ടാണ് ‘പൊന്മുട്ടയിടുന്ന തട്ടാന്‍’ എന്ന പൊന്നുപോലൊരു തിരക്കഥയെഴുതി എന്നെ ഏല്‍പിച്ചത്! ഒരു പണത്തൂക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ഞാനത് സിനിമയാക്കി. മഴവില്‍ക്കാവടിയും പിന്‍ഗാമിയുമൊക്കെ രഘു എനിക്കു തന്ന സമ്മാനങ്ങളാണ്. ഇപ്പോഴും രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. പക്ഷെ പിടിതരുന്നില്ല. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു…
‘തൊട്ടപ്പന്‍’ എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്.
പോസ്റ്റര്‍ കണ്ടപ്പോള്‍ അതിശയവും സന്തോഷവും തോന്നി. ഇത് രഘുവല്ല,അദ്രുമാന്‍ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാററുള്ള പൊന്നാക്കാന്‍ രഘുവിന് കഴിയുമെന്ന്. കൂടെയുള്ളത് സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാരാണല്ലോ. തൊട്ടപ്പന്‍ കാണാന്‍ കാത്തിരിക്കുന്നു. രഘുവിന്റെ ചിത്രമുള്ള പോസ്റ്റര്‍ ഇതോടൊപ്പം, കൂടെ എന്റെ മനസ്സുനിറഞ്ഞ ആശംസകളും!’
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിക്കൊണ്ട് ശ്രദ്ദേയനായ എഴുത്തുകാരനാണ് പിഎസ് റഫീഖ്. അദ്ദേഹം തന്നെയാണ് തൊട്ടപ്പന്റെയും തിരക്കഥാകൃത്ത്. ചില നാടകങ്ങളില്‍ അഭിനയിച്ചും സംവിധാനം ചെയ്തും ഉള്ള പരിചയം മാത്രമേ റഫീഖിനുള്ളൂ. ‘ആദ്യം സേവ്യര്‍ എന്ന കഥാപാത്രം ചെയ്യാന്‍ വന്ന ആള്‍ ശരിയാകാത്തതുകൊണ്ട് ഷാനവാസ് ആ കഥാപാത്രം എന്നോട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു’ പിഎസ് റഫീഖ് പറഞ്ഞു. ‘ ആദ്യം വിസമ്മതിച്ചെങ്കിലും ഒടുവില്‍ ഞാന്‍ ആ കഥാപാത്രം ചെയ്യാന്‍ തയ്യാറാകുകയായിരുന്നു. എനിക്കാ ഒരു ക്യാരക്ടര്‍ ഫേസ് ഉണ്ടെന്ന് മുന്‍പ് ലിജോ ജോസും പറഞ്ഞിട്ടുണ്ട്. എനിക്കറിയാം എന്റെ കര്‍മ്മപദം എഴുത്താണെന്ന്. എങ്കിലും എന്റെ ഉള്ളില്‍ ഒരു മുഴുവന്‍ കലാകാരനുണ്ട്. ഞാന്‍ പാടുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.’ പിഎസ് റഫീഖ് പറഞ്ഞു. ഇന്നലെയാണ് റഫീഖിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
വിനായകനാണ് തൊട്ടപ്പനിലെ നായകന്‍. പുതുമുഖ നടി പ്രിയംവദയാണ് നായിക. ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം. ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്‌കാരവും ഉള്‍കൊള്ളുന്ന പ്രണയവും ആക്ഷനും ഇഴചേര്‍ത്താണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.
മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ കൊച്ചിയില്‍ നിന്നുമുള്ള ഒട്ടേറെ പുതുമുഖ നടീനടന്മാരും ‘തൊട്ടപ്പ’നിലൂടെ മലയാള സിനിമയുടെ ഭാഗമാകുന്നുണ്ട്.
Discussion about this post