പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. സ്വദേശത്തും വിദേശത്തും മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം ഇപ്പോള്‍ ദക്ഷിണ കൊറിയയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഇതോടെ ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ‘ഉയരെ’ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. കൊറിയന്‍ സബ്ടൈറ്റില്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ആസിഡ് ആക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയായാണ് പാര്‍വതി ചിത്രത്തിലെത്തിയത്. പാര്‍വതിയുടെ ‘പല്ലവി രവീന്ദ്രന്‍’ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. പാര്‍വതിക്ക് പുറമെ ടൊവീനോ തോമസ്, ആസിഫ് അലി, സിദ്ദിഖ്, അനാര്‍ക്കലി മരയ്ക്കാര്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിവി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post