വിനായകന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തൊട്ടതെല്ലാം ഹിറ്റാക്കിയ ഗായിക സിത്താരയും തമിഴിലെ ഹിറ്റ് ഗായകന്‍ പ്രദീപ് കുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദ്യ കേള്‍വിയില്‍ തന്നെ ഹൃദയത്തില്‍ പതിക്കുന്ന ഈണങ്ങളും ദൃശ്യങ്ങളുമാണ് ഗാനരംഗത്ത് ഉള്ളത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങില്‍ ഇതിനോടകം ഗാനത്തിന് ഇടം ലഭിച്ചു കഴിഞ്ഞു.
‘പ്രാന്തന്‍ കണ്ടലില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ലീല എല്‍ ഗിരീഷ് കുട്ടനാണ്. അന്‍വര്‍ അലിയാണ് ഗാനരചയിതാവ്. ‘കിസ്മത്തി’ന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം. ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്‌കാരവും ഉള്‍കൊള്ളുന്ന പ്രണയവും ആക്ഷനും ഇഴചേര്‍ത്താണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നേരത്തേ വിനായകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.
പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഖദ, ഇര്‍ഷാദ്, രഘുനാഥ് പാലേരി, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം പെരുന്നാളിന് തീയ്യേറ്ററുകളില്‍ എത്തും.
Discussion about this post