തിരുവനന്തപുരം: ഒരു സിനിമ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ അത് ഇന്റര്‍നെറ്റില്‍ പ്രചരിക്കാറുണ്ട്. ഇതിന്റെ പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് തമിഴ് റോക്കേഴ്‌സ് ആണ്.
ഇപ്പോഴിതാ ഉയരെ റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്. പാര്‍വതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ‘ ഉയരെ’ സിനിമയുടെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമ ഇന്റര്‍നെറ്റില്‍ എത്തിയത്. എഴുനൂറോളം പേര്‍ സിനിമ സ്വന്തം ടൈം ലൈനിലേക്ക് ഷെയര്‍ ചെയ്തിട്ടുമുണ്ട്.
നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ഉയരെ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. വലിയ പ്രേക്ഷക പ്രീതി ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമ കേരളത്തിലും വിദേശത്തും നിറഞ്ഞ സദസുകളില്‍ സിനിമയുടെ പ്രദര്‍ശനം തുടരുകയുമാണ്. ഇതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചത്.
ഇംഗ്ലീഷ് സബ് ടൈറ്റിലുകളുള്ള പ്രിന്റിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. വിദേശത്തെ റിലീസ് കേന്ദ്രങ്ങളില്‍ എവിടെയോ നിന്ന് ക്യാമറ ഉപയോഗിച്ച് സ്‌ക്രീനില്‍ നിന്ന് പകര്‍ത്തിയതിന് ശേഷമാണ് സിനിമ ഫേസ്ബുക്കില്‍ ഇട്ടതെന്നാണ് കരുതുന്നത്.