നീണ്ട ഇടവേളയ്ക്ക് ശേഷം മധു വാര്യര്‍ സിനിമാ ലോകത്തിലേക്ക് തിരിച്ചെത്തികുയാണ്. പക്ഷേ ഇത്തവണ സംവിധായകന്റെ തൊപ്പി അണിഞ്ഞാണ് എത്തുന്നത്. ഫേസ്ബുക്കിലൂടെ ആണ് മധു വാര്യര്‍ ഇക്കാര്യം അറിയിച്ചത്. ബിജു മേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, ഇന്നലെകളില്ലാതെ എന്നീ ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി എത്തിയിട്ടുണ്ട്.
‘ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹന്‍ദാസ് ദാമോദരന്‍ നിര്‍മ്മിച്ച് പ്രമോദ് മോഹന്റെ രചനയില്‍ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു’ എന്നാണ് മധു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സന്തോഷ് ശിവന് ചിത്രം ജാക്ക് ആന്‍ഡ് ജില് ആണ് മഞ്ജുവിന്റേതായി പുറത്തു വരാനുള്ള ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജിയാണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം.