‘ഇതുവരെ ആ സിനിമയിലേക്ക് ആരും വിളിച്ചിട്ടില്ല, വാര്‍ത്ത നേരാകാന്‍ സെന്റ് ജോര്‍ജ്ജ് പള്ളീപ്പോയി പ്രാര്‍ത്ഥിക്കാം’; ചെമ്പന്‍ വിനോദ്

ഇതുവരെ ആ സിനിമയിലേക്ക് ആരും വിളിച്ചിട്ടില്ല

ചെമ്പന്‍ വിനോദ് ‘ദര്‍ബാര്‍’ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനായി എത്തുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെമ്പന്‍ വിനോദ്. താന്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന തരത്തില്‍ എങ്ങനെയാണ് വാര്‍ത്ത വന്നതെന്ന് അറിയില്ല. പലരും ഈ വാര്‍ത്ത അറിഞ്ഞിട്ട് വിളിക്കുന്നുണ്ട്. ദര്‍ബാറിന്റെ ഒരു ഫാന്‍മേയ്ഡ് പോസ്റ്റ് കുറച്ചു ദിവസം മുമ്പ് ഞാന്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റര്‍ ഫാന്‍ മേയ്ഡ് പോസ്റ്റര്‍ ആണെന്ന് കണ്ട് അത് ഫേസ്ബുക്കില്‍ നിന്ന് അത് ഡിലീറ്റ് ചെയ്തതുമാണ്. ഇതാണ് എനിക്ക് ചിത്രവുമായുള്ള ബന്ധം.

ഇതുവരെ ആ സിനിമയിലേക്ക് ആരും വിളിച്ചിട്ടില്ല. പക്ഷേ വിളിച്ചാല്‍ അപ്പോ ഇറങ്ങാന്‍ റെഡിയായിരിക്കുകയാണ്. ഏതായാലും ഈ വാര്‍ത്ത നേരാകാന്‍ സെന്റ് ജോര്‍ജ്ജ് പള്ളീപ്പോയി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കാന്‍ പോവുകയാണ് എന്നാണ് ചെമ്പന്‍ വിനോദ് പ്രതികരിച്ചത്.

25 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. നയന്‍താരയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം പ്രതീക് ബബ്ബര്‍ ആണ് ദര്‍ബാറില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. എആര്‍ മുരുകദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. എന്നാല്‍ ആദ്യ പകുതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായിട്ടും രണ്ടാം പകുതിയില്‍ പോലീസ് ഓഫീസറായിട്ടുമാണ് രജനികാന്ത് എത്തുക എന്നാണ് റിപ്പോര്‍ട്ട്. മലയാളി താരം നിവേതയാണ് രജനികാന്തിന്റെ മകളായി അഭിനയിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധായകന്‍.

Exit mobile version