കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെ പിന്തുണച്ച് രംഗത്ത് എത്തിയ നടന്‍ ശ്രീനിവാസനെതിരെ നടി രേവതി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ ശ്രീനിവാസന്‍ സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ (ഡബ്ല്യൂസിസി) ഉദ്ദേശം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും വിമര്‍ശിച്ചിരുന്നു.
ഇതിനെതിരെയാണ് രേവതി രംഗത്ത് എത്തിയത്. ശ്രീനിവാസനേപ്പോലുള്ളവര്‍ അല്‍പ്പം കൂടി ഉത്തരവാദിത്വം കാണിക്കണമെന്ന് രേവതി അഭിപ്രായപ്പെട്ടു. മികച്ച സൃഷ്ടികളിലൂടെ നമ്മുടെ ആദരം നേടിയവര്‍ ഇങ്ങനെ സംസാരിക്കുന്നത് ദുഃഖകരമാണെന്നും, പ്രശസ്തിയുള്ളവര്‍ സംസാരിക്കുമ്പോള്‍ അല്‍പ്പം ഉത്തരവാദിത്തം കാണിക്കേണ്ടതല്ലേ. അവരുടെ പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ആലോചിക്കണമെന്നും- രേവതി ട്വീറ്റ് ചെയ്തു.
ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. താനറിയുന്ന ദിലീപ് ഇത്തരത്തിലുള്ള ഒരു കാര്യത്തിന് ഒന്നര കോടിയല്ല ഒന്നര പൈസ പോലും ചെലവാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെയും ശ്രീനിവാസന്‍ വിമര്‍ശിച്ചിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ പരാമര്‍ശം.
Discussion about this post