അഭിഷേക് കപൂര്‍ ചിത്രം ‘കേദാര്‍നാഥ്’ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണെന്നും അതുകൊണ്ട് പ്രദര്‍ശനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഉത്തരാഖണ്ഡിലെ സന്യാസികള്‍. ചിത്രത്തില്‍ സുഷാന്ത് സിങ് രജ്പുത് ആണ് നായകനാകുന്നത്.
അഭിഷേക് കപൂര്‍ കേദാര്‍നാഥ് ഒരുക്കിയിരിക്കുന്നത് 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിയാണ്. ഉത്തരാഖണ്ഡില്‍ തീര്‍ഥാടനത്തിന് വന്ന ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായി സാറാ അലി ഖാനും മുസ്‌ലിം ചുമട്ടുതൊഴിലാളിയായി സുഷാന്തും അഭിനയിക്കുന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഇത്തരമൊരു വിവാദം.
ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്ന ചിത്രം നിര്‍ബന്ധമായും നിരോധിക്കണമെന്നും ഇല്ലെങ്കില്‍ പ്രക്ഷോഭമുണ്ടാക്കുമെന്നുമാണ് കേദാര്‍നാഥിലെ സന്യാസിമാരുടെ സംഘടനയായ കേദാര്‍ സഭയുടെ ചെയര്‍മാന്‍ വിനോദ് ശുക്ല പറയുന്നത്.
ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് അജേന്ദ്ര അജയ്യും ആയിരങ്ങള്‍ മരണപ്പെട്ട പ്രളയം പശ്ചാത്തലമാക്കിയ കേദാര്‍നാഥിന്റെ ട്രെയിലറില്‍ പ്രണയരംഗങ്ങള്‍ ഉള്‍പെടുത്തിയതിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഹിന്ദുവായ നായികയെ പല്ലക്കിലേറ്റി മുസ്‌ലിമായ നായകന്‍ തീര്‍ഥാടന സ്ഥലത്തേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള ചിത്രത്തിന്റെ പോസ്റ്ററിനെയും ബിജെപി നേതാവ് വിമര്‍ശിച്ചിരുന്നു.
‘ഇത് വസ്തുതാ വിരുദ്ധമാണ് ഹിന്ദു തീര്‍ഥാടകരെ കേദാര്‍നാഥിലേക് പോകാന്‍ സഹായിക്കുന്ന ഒരു മുസ്‌ലിമിനേ പോലും അവിടെ നിങ്ങള്‍ക്ക് കാണാനാകില്ലെന്നും’ സ്‌നേഹമാണ് തീര്‍ഥാടനമെന്ന ചിത്രത്തിന്റെ ടാഗ്‌ലൈനും തെറ്റാണെന്ന് അജേന്ദ്ര ആരോപിച്ചു.