കഴിഞ്ഞ വര്‍ഷം കേരളത്തെ ഭീതിയിലാക്കിയ നിപ്പാ വൈറസിനെതിരെ കേരളം ഒറ്റക്കെട്ടായ് നിന്നാണ് പോരാടിയത്. നിപ്പാ വൈറസിനെ കേരളം നേരിട്ടതിനെ വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ ആഷിക്ക് അബു. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.
ചിത്രത്തില്‍ രേവതി, പാര്‍വതി, റിമ കല്ലിങ്കല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, മഡോണ, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, ദിലീഷ് പോത്തന്‍, സൗബിന്‍, ചെമ്പന്‍ വിനോദ്, ആസിഫ് അലി, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. ചിത്രത്തില്‍ ഇത്രയേറെ പ്രധാന താരങ്ങളെ ഉള്‍ക്കൊള്ളിച്ചതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ആഷിക്ക് അബു.
‘ആദ്യം മുതലെ ഉയര്‍ന്നൊരു ചോദ്യം എന്തിനാണ് ഇത്രയേറെ പ്രധാന അഭിനേതാക്കളെന്നാണ്. എഴുതി വരുമ്പോഴാണ് അറിയുന്നത് ഓരോരുത്തരും ഹീറോയാണെന്ന്. രോഗികളുടെ വസ്ത്രം കഴുകുന്നവര്‍, അവരെ മറവു ചെയ്തവര്‍, പരിചരിച്ചവര്‍ അങ്ങിനെ ജീവിതത്തിന്റെ താഴെ തട്ടിലെന്നു നാം കരുതുന്ന എത്രയോ പേര്‍ നന്മകൊണ്ടു ഉയരങ്ങളില്‍ നില്‍ക്കുന്നതു നാം കണ്ടു. മറ്റ് ആശുപത്രികളിലേക്കോ രാജ്യങ്ങളിലേക്കോ ഒളിച്ചോടാന്‍ സാധ്യതകള്‍ ഏറെയുണ്ടായിരുന്നവര്‍ ഏതു നിമിഷവും വരാവുന്ന വൈറസിനെ മറന്ന് അവിടെ ജോലി ചെയ്യുന്നതും കണ്ടു. അതുകൊണ്ട് തന്നെയാണ് ചിത്രത്തില്‍ ഓരോ കഥാപാത്രത്തിനും നല്ല അഭിനേതാക്കള്‍ തന്നെ വേണമെന്ന് തോന്നിയത്’ എന്നാണ് ആഷിക്ക് അബു ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ചിത്രത്തില്‍ സിസ്റ്റര്‍ ലിനിയായി എത്തുന്നത് റിമ കല്ലിങ്കലാണ്. രേവതി ആണ് മന്ത്രി ശൈലജ ടീച്ചറുടെ വേഷത്തില്‍ എത്തുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥ ഒരുക്കിയ മുഹ്സിന്‍ പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. ചിത്രം ജൂണ്‍ ഏഴിന് തീയ്യേറ്റേറുകളിലെത്തും.
Discussion about this post