പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്കുട്ടിയായിട്ടാണ് പാര്‍വതി ചിത്രത്തിലെത്തിയത്. പാര്‍വതിയുടെ ‘പല്ലവി രവീന്ദ്രന്’ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെ വീണ്ടും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്കുന്ന ചിത്രമാണ് ‘ഉയരെ’ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
‘ഞാന്‍ നേരത്തെ തന്നെ ഈ സിനിമ കണ്ടിരുന്നു. സിനിമ കണ്ടപ്പോള്‍ വളരെയധികം ആശ്വാസവും അഭിമാനവുമാണ് തോന്നിയത്. ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്നൊരു സിനിമയാണിത്’ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി വനിതാശിശു വികസന വകുപ്പ് ‘ഉയരെ’യുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
‘ഉയരെ’ എന്ന സിനിമ കാണാന്‍ കൈരളി തീയറ്ററിലെത്തിയപ്പോള്‍ കുട്ടികളുടെ ആവേശം കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. വനിതാശിശു വികസന വകുപ്പാണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, പാര്‍വതി തിരുവോത്ത്, നിര്‍മ്മാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരും കൂടെയുണ്ടായിരുന്നു.
ഞാന്‍ നേരത്തെ തന്നെ ഈ സിനിമ കണ്ടിരുന്നു. സിനിമ കണ്ടപ്പോള്‍ വളരെയധികം ആശ്വാസവും അഭിമാനവുമാണ് തോന്നിയത്. ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്നൊരു സിനിമയാണിത്. ആസിഡ് ആക്രമണത്തിന് വിധേയയായ ഒരു പെണ്‍കുട്ടി ജീവിതത്തില്‍ നിന്നുതന്നെ തികച്ചും പിന്‍വാങ്ങി അവഗണനയുടെ ഇരുട്ടില്‍ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയര്ത്തെഴുന്നേല്ക്കുന്നതിന്റെ കഥപറയുന്ന ഈ സിനിമ പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണ്. കുട്ടികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുമെന്നതിനാലാണ് ‘ സധൈര്യം മുന്നോട്ട് ‘ കാമ്പയിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്.
Discussion about this post