‘സ്വാര്‍ത്ഥതയില്ലാത്ത ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥ’; ‘വൈറസ്’ ടീമിന് ആശംസയുമായി ഇര്‍ഫാന്‍ പത്താന്‍

ഇപ്പോഴിതാ ചിത്രത്തിന് ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താന്‍

കേരളത്തെ കഴിഞ്ഞ വര്‍ഷം ഭീതിയില്‍ ആക്കിയ നിപ്പാ വൈറസിനെതിരെ കേരളം ഒറ്റക്കെട്ടായി നിന്നാണ് പോരാടിയത്. ഇപ്പോഴിതാ ആ പോരാട്ടത്തിന്റെ കഥ വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ്.
സംവിധായകന്‍ ആഷിക്ക് അബുവാണ് ചിത്രം അണിച്ചൊരുക്കിയിരിക്കുന്നത്. ‘വൈറസ്’ എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തേ ട്രെയിലര്‍ പുറത്തുവിട്ടപ്പോള്‍ വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെയിലറിന് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന് ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താന്‍. ‘നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നുവെന്നും സ്വാര്‍ത്ഥതയില്ലാത്ത ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥയാണ്’ ഇതെന്നുമാണ് ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്. വൈറസ് ടീമിന് ആശംസകള്‍ അറിയിക്കാനും താരം മറന്നില്ല.

ചിത്രത്തില്‍ സിസ്റ്റര്‍ ലിനിയുടെ വേഷത്തിലെത്തുന്നത് റിമാ കല്ലിങ്കലാണ്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വേഷത്തിലെത്തുന്നത് രേവതിയാണ്. ചിത്രത്തില്‍ രേവതിയെ കാണാന്‍ ശൈലജ ടീച്ചറെ പോലെ തന്നെയുണ്ടെന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. ജൂണ്‍ ഏഴിന് ചിത്രം തീയ്യേറ്ററുകളിലെത്തും.


Exit mobile version