സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. അറിയപ്പെടുന്ന സംഗീതജ്ഞനാകുന്നതിന് മുന്‍പ് ജീവിതത്തില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു നടന്ന ഒരു ജീവിതഘട്ടം തനിക്കുണ്ടായിരുന്നുവെന്നാണ് റഹ്മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ താന്‍ ഒരു പരാജയമാണെന്ന് തോന്നിയിരുന്നു. മിക്കവാറും എല്ലാദിവസവും ജീവിതം അവസാനിപ്പിച്ചാലോ എന്ന ചിന്ത ബാധിച്ചിരുന്നുവെന്നും ‘നോട്ട്‌സ് ഓഫ് ഡ്രീംസ്’ എന്ന ജീവചരിത്രത്തില്‍ റഹ്മാന്‍ വെളിപ്പെടുത്തുന്നു. തനിക്ക് ജീവിതത്തിന്റെ തുടക്കത്തില്‍ നേരിട്ട തിരിച്ചടികള്‍ തന്റെ ഉയര്‍ച്ചയില്‍ സഹായകമായെന്നും ഓസ്‌കര്‍ ജേതാവായ റഹ്മാന്‍ പറയുന്നു.
25 വയസ്സുവരെ ആത്മഹത്യയെ കുറിച്ച് ആലോചിച്ചിരുന്നു. അച്ഛന്റെ മരണം ഉണ്ടാക്കിയ ശൂന്യത അടക്കം, ജീവിതത്തില്‍ യാതൊന്നും ശരിയായി സംഭവിക്കുന്നില്ല എന്ന തോന്നലായിരുന്നു. പക്ഷേ, ആ താഴ്ചകള്‍ ഭയരഹിതനായ എന്നെ നിര്‍മ്മിച്ചു. മരണമെന്നത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. എല്ലാ വസ്തുക്കളും നിര്‍മ്മിക്കുന്നത് എക്‌സ്പയറി ഡേറ്റ് സഹിതമാണ്. പിന്നെ നാം എന്തിന് ഭയപ്പെടണം’ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് റഹ്മാന്‍ പറയുന്നു.
സിനിമാ സംഗീത രംഗത്ത് ചുവടുവെയ്ക്കും മുന്‍പ് കാര്യങ്ങളെല്ലാം മോശമായ അവസ്ഥയിലായിരുന്നു. അച്ഛന്റെ മരണ സമയത്ത് താനൊരു സിനിമയും ചെയ്തിരുന്നില്ല. അച്ഛന്‍ പോയതോടെ എങ്ങനെ ഈ ശൂന്യതയെ അതിജീവിക്കുമെന്ന് എല്ലാവരും ചോദിച്ചു തുടങ്ങി. ഒരുതരം മരവിപ്പ് ബാധിച്ചപോലെയായിരുന്നുവെന്നും റഹ്മാന്‍ പറയുന്നു. നോട്ട്‌സ് ഓഫ് ഡ്രീംസ് എന്ന ജീവചരിത്രത്തിന്റെ പ്രകാശനം ശനിയാഴ്ച്ചയായിരുന്നു. കൃഷ്ണ ത്രിലോക് ആണ് ഗ്രന്ഥകര്‍ത്താവ്.
മണിരത്‌നം ചിത്രം റോജയിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന എആര്‍ റഹ്മാന്‍, സിനിമാ സംഗീത ലോകത്തെ അത്ഭുതബാലനായി മാറി. അവിടെ നിന്ന് അങ്ങോട്ട് സംഗീതത്തിന്റെയും ശബ്ദങ്ങളുടെയും വ്യാകരണം തന്നെ അദ്ദേഹം മാറ്റി മറിച്ചു. സംഗീതത്തില്‍ ഏറെ ആഴത്തില്‍ പോകേണ്ടിവരും. അപ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ വളരെ വ്യത്യസ്തമായ ലോകത്ത് നിന്നാണ് യാഥാര്‍ത്ഥ്യത്തിലേക്ക് വരാനാവുക. വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങാനാകില്ല. അതുകൊണ്ടാണ് സംഗീതം നല്‍കുന്നതിന് പുലര്‍ച്ചെയുള്ള സമയം തെരഞ്ഞെടുക്കുന്നതെന്നും റഹ്മാന്‍ പറയുന്നു.
Discussion about this post