അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ച് ഇനി കുറച്ച് നാള്‍ സ്വകാര്യതയിലേയ്ക്ക് ഒതുങ്ങണമെന്ന് നടന്‍ മോഹന്‍ലാല്‍. ഈ ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ പല കാര്യങ്ങളുണ്ട്.
‘നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കല്‍ ഇതെല്ലാം. അവ തിരിച്ചുപിടിക്കണം. എനിക്കുവേണ്ടി ഇനി ഞാന്‍ കുറച്ച് ജീവിക്കട്ടെ. ആയുസ്സിന്റെ പാതിയിലധികം കഴിഞ്ഞുപോയി. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വകാര്യനിമിഷങ്ങള്‍ ഞാനിപ്പോള്‍ നന്നായി ആസ്വദിക്കുന്നു’. മോഹന്‍ലാല്‍ പറയുന്നു.
സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ എവിടെയോ നിശ്ചയിക്കപ്പെട്ട പോലെ സംഭാവിച്ചതാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ബറോസ് കുട്ടികളെ രസിപ്പിക്കുന്ന സിനിമയാകുമെന്നും ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമേ സിനിമയുടെ ദൈര്‍ഘ്യം ഉണ്ടാകൂ എന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ സംവിധായകനാകുന്ന ആദ്യ സിനിമയായ ബറോസ് ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും. മോഹന്‍ലാല്‍ തന്നെയാണ് ബറോസിന്റെ വേഷത്തിലുമെത്തുന്നത്. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോര്‍ച്ചുഗല്‍ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.