മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന് ആദ്യമായി ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ‘തൊട്ടപ്പന്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. കടമക്കുടി, പൂച്ചാക്കല്‍, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘കിസ്മത്തി’ന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ സ്വതന്ത്രാവിഷ്കാരമാണ് ‘തൊട്ടപ്പന്’ എന്ന ചിത്രം. ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്കാരവും ഉള്‍കൊള്ളുന്ന പ്രണയവും ആക്ഷനും ഇഴചേര്‍ത്താണ് ‘തൊട്ടപ്പന്’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകന് പറഞ്ഞിരിക്കുന്നത്. നേരത്തേ വിനായകന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.
വിനായകന് ആദ്യമായി ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പിഎസ് റഫീഖ് ആണ്. പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. റോഷന് മാത്യു, മനോജ് കെ ജയന്, ലാല്‍, ദിലീഷ് പോത്തന്, സുനില്‍ സുഖദ, ഇര്‍ഷാദ്, രഘുനാഥ് പാലേരി, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ കൊച്ചിയില്‍ നിന്നുമുള്ള ഒട്ടേറെ പുതുമുഖ നടീനടന്മാരും ‘തൊട്ടപ്പ’നിലൂടെ മലയാള സിനിമയുടെ ഭാഗമാകുന്നുണ്ട്.
സുരേഷ് രാജന് ഛായാഗ്രഹം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജിതിന് മനോഹരമാണ് എഡിറ്റര്‍. അന്‍വര്‍ അലി, പി.എസ്. റഫീഖ്, അജീഷ് ദാസന് എന്നിവര്‍ ഒരുക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് പൂമരത്തിലൂടെ ശ്രദ്ധേയനായ ലീല എല്‍ ഗിരീഷ്കുട്ടന് ആണ്. പശ്ചാത്തല സംഗീതം ജസ്റ്റിന് വര്‍ഗീസ്. വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത് നിസാര്‍ റഹ്മത്ത് ആണ്. ചിത്രത്തിലെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് മാഫിയ ശശിയാണ്.
Discussion about this post