വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ ഇറക്കിവിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം കനിഹ. ഒരു അഭിമുഖത്തിലാണ് കനിഹ തന്റെ അനുഭവം തുറന്നുപറഞ്ഞത്. പാരീസ് യാത്രയ്ക്കിടെ ഞാനൊരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിംപിളായ ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും ഷോര്‍ട്‌സുമായിരുന്നു എന്റെ വേഷം. അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയില്‍ വസ്ത്രം ധരിച്ചാണ് ഇരിക്കുന്നത്.
എന്റെ വേഷം കണ്ടിട്ടാവാം അവര്‍ ഭക്ഷണശാലയുടെ അകത്ത് പ്രവേശിക്കാന്‍ തന്നെ അനുവദിച്ചില്ല. ഇറങ്ങിപ്പോകാന്‍ പറഞ്ഞ് അവര്‍ ചൂടായി. ഞാന്‍ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. കൈയില്‍ പണമുണ്ടെന്ന് ഉറപ്പായപ്പോഴാണ് അവര്‍ എന്നെ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചത്.
ആ റെസ്റ്റോറന്റിലെ ഏറ്റവും നല്ല വിഭവങ്ങള്‍ തന്നെ ഞാന്‍ ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ ചെയ്ത് ഇരിക്കുമ്പോഴാണ് അവിടെ താമസിക്കുന്ന കുറച്ചു മലയാളികള്‍ അവിടേക്ക് വന്നത്. എന്നെ കണ്ടയുടന്‍ അവര്‍ അടുത്തുവന്ന് സംസാരിക്കാനും സെല്‍ഫിയെടുക്കാനുമൊക്കെ തുടങ്ങി.
ഇതൊക്കെ കണ്ടപ്പോള്‍ റെസ്റ്റോറന്റിന്റെ ഉടമ ഉടനെ വന്ന് നിങ്ങള്‍ ഇത്ര വലിയ സെലിബ്രിറ്റിയാണെന്ന് ഞാന്‍ അറിഞ്ഞില്ല. നിങ്ങളുടെ വേഷം കണ്ട് തെറ്റിദ്ധരിച്ചതിന് ക്ഷമിക്കണമെന്നും പറഞ്ഞു. അന്ന് കൃത്യസമയത്ത് ആ മലയാളികള്‍ അവിടെ എത്തിയത് തന്റെ ഭാഗ്യമാണെന്ന് കനിഹ കൂട്ടിച്ചേര്‍ത്തു. സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലെ ഡെയ്‌സി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം താരമാണ് കനിഹ.