ഇനി മലയാള സിനിമയില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ എന്നാണ് താനാഗ്രഹിക്കുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ‘മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം കാരണം ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്. പുതിയ ചെറുപ്പക്കാര്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്.’ -ക്ലബ് എഫ്എം യു എഇയുമായുള്ള അഭിമുഖത്തിലാണ് ജീത്തു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘ദൃശ്യത്തില്‍ മോഹന്‍ലാലിനെ ഷാജോണ്‍ തല്ലുന്ന രംഗമുണ്ട്. സിനിമയില്‍ വളരെ അനിവാര്യമായ ഒരു രംഗമായിരുന്നു അത്. പക്ഷേ അന്ന് പലരും അതിനോട് യോജിച്ചില്ല. ആരാധകര്‍ എങ്ങിനെ പ്രതികരിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയം. ലാലേട്ടനോട് പറഞ്ഞപ്പോള്‍, സിനിമയാണ് പ്രധാനമെന്നും മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടെന്നും പറഞ്ഞു.
ദൃശ്യത്തിന്റെ തമിഴ് പതിപ്പിനായി കമല്‍ഹാസനൊപ്പം തന്നെ രജനികാന്തിനെയും പരിഗണിച്ചിരുന്നു. അന്ന് രജനി സാറിന് സിനിമ ഇഷ്ടമായെങ്കിലും പോലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞാണ് പിന്മാറിയത്. താരപദവി മൂലം ഒരു നല്ല കഥാപാത്രത്തെയാണ് നടന് നഷ്ടമാകുന്നത്’- ജീത്തു പറഞ്ഞു.
Discussion about this post