തൃശ്ശൂര്‍: അപ്രതീക്ഷിതമായാണ് നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായെന്ന വാര്‍ത്ത ആരാധകര്‍ക്കിടയിലേക്ക് എത്തിയത്. സര്‍പ്രൈസ് വിവാഹത്തില്‍ ആരാധകര്‍ അമ്പരക്കുകയും ചെയ്തിരുന്നു. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് എത്തിയതും. എന്നാല്‍ അപ്രതീക്ഷിതമായി കടന്നു വന്ന നടന്‍ ദിലീപ് ദമ്പതികളേയും ഒത്തുകൂടിയ മാധ്യമപ്രവര്‍ത്തകരേയും ആരാധകരേയും ഞെട്ടിച്ചു.
മകളുടെ ചോറൂണിനായി ഗുരുവായൂരിലെത്തിയ നടന്‍ ദിലീപ് സണ്ണി വെയ്‌നിന്റെ വിവാഹവാര്‍ത്ത കേട്ടറിഞ്ഞതോടെ ആശംസ നേരാനായി നേരിട്ടെത്തുകയായിരുന്നു. ഇതിനിടെ കൂടി നിന്നവരെ കുടുകുടെ ചിരിപ്പിച്ചുകൊണ്ട് ദിലീപിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള കമന്റുമെത്തി. സണ്ണി വെയ്‌നിനും ഭാര്യ രഞ്ജിനിക്കും നടുവില്‍ നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് ദിലീപ് പെട്ടെന്ന് വലതുവശത്തേക്ക് നീങ്ങി സണ്ണിയെ രഞ്ജിനിക്ക് ഒപ്പം നിര്‍ത്തിയത്. മാറി നില്‍ക്കുന്നതിനിടയില്‍ ‘അല്ലെങ്കിലേ ചീത്തപ്പേരാ അപ്പോഴാ’ എന്ന ദിലീപിന്റെ കമന്റാണ് കൂട്ടച്ചിരി പടര്‍ത്തിയത്.
സണ്ണി വെയ്ന്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വിവാഹിതനായത്. പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനി ആണ് വധു.
Discussion about this post