നയന്‍താരയോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല; മാപ്പ് പറയാന്‍ താന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രാധാ രവി

താന്‍ മാപ്പ് പറയില്ലെന്നും, മാപ്പ് പറയാന്‍ താന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും രാധ രവി അറിയിച്ചു.

ചെന്നൈ: തെന്നിന്ത്യന്‍ താരം നയന്‍താരയെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ രാധാ രവി. താന്‍ മാപ്പ് പറയില്ലെന്നും, മാപ്പ് പറയാന്‍ താന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും രാധ രവി അറിയിച്ചു.

ഭയം എന്താണെന്ന് അറിയാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന ആളാണ് ഞാന്‍. മാപ്പ് പറയാന്‍ താന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല. അതിനാല്‍ നയന്‍താരയോട് ഞാന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. അന്ന് മാധ്യമപ്രവര്‍ത്തകരടക്കം എന്റെ പ്രസംഗത്തിന് കൈയ്യടിച്ചു. മോശം പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിരുന്നെങ്കില്‍ അപ്പോഴേ പറയണമായിരുന്നെന്നും രാധാ രവി പറഞ്ഞു.

‘കൊലയുതിര്‍ കാലം’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയിലാണ് രാധാ രവി നയന്‍താരയെ അപമാനിച്ച് സംസാരിച്ചത്. നയന്‍താരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നു വിളിക്കുന്നതിലാണ് ആദ്യം രാധാ രവി വിമര്‍ശനം ഉന്നയിച്ചത്. സൂപ്പര്‍സ്റ്റാര്‍ പോലുള്ള വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും അപ്പുറം അവര്‍ ഇപ്പോളും ഇവിടെ താരമാണ്, കാരണം തമിഴ് ജനതയ്ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്ന സ്വഭാവമാണ്. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു എന്നും രാധാരവി പരിഹസിച്ചിരുന്നു.

Exit mobile version