ജ്യോതി മേരി കുര്യനെന്ന സാധാരണക്കാരിയായ നഴ്സിനെ നാല് രാത്രികൊണ്ട് വായനയുടെ ലോകത്ത് എത്തിക്കുന്ന മനുഷ്യരില്‍ വിശ്വസിക്കുന്ന ജസ്റ്റിന് ജേക്കബും ദൈവത്തില്‍ വിശ്വസിക്കുന്ന ജ്യോതി എന്ന നഴ്സും. ഒപ്പം, പകല്‍ വെളിച്ചത്തിലും മനുഷ്യരെ തേടി റാന്തല്‍ വിളക്കുമായി ഡയോജനിസും, നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ റഷ്യയിലെ രാഷ്ട്രീയവും സ്വാതന്ത്ര്യവും ജീവിതവും സമൂഹവും അന്നയുടേയും റോന്സ്കിയുടേയും പ്രണയത്തിലൂടെ വരച്ചിട്ട ടോള്‍സ്റ്റോയിയും. നാല് രാത്രികള്‍ കൊണ്ട് വായനാനുഭവങ്ങളെ കുറിച്ച് പ്രേക്ഷകരോടും സംവദിക്കുന്നു.
യൂട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ മുന്നിലുള്ള ഒരു ഹ്രസ്വചിത്രത്തിന്റെ ചെറിയ വിവരണം മാത്രമാണിത്. വായനയുടെ ലോകത്ത് ജീവിക്കുന്ന, മരണത്തിനു ശേഷം ഒറ്റക്കാവുമ്പോള്‍ വായിക്കാന്‍ ഒരു പുസ്തകം പോലും ലഭിക്കാതെ ഏകനാവുമെന്ന് ഭയപ്പെടുന്ന ജസ്റ്റിനേയും നാല് ദിനംകൊണ്ട് അവനിലേക്ക് അടുത്ത് ഒരു പുസ്തകം സമ്മാനമായി നല്കാന് ആഗ്രഹിക്കുന്ന നഴ്സ് ജ്യോതിയേയും പ്രേക്ഷകര്‍ക്ക് ഈ ഷോര്‍ട്ട് ഫിലിം സമ്മാനിക്കുന്നു.
വിരഹവും ചിന്തയും സ്നേഹവും നിറഞ്ഞ ‘രാത്രികള്‍ പറഞ്ഞ കഥ’ എന്ന ഈ ഷോര്‍ട്ട് ഫിലിം സംവിധായകന് എബ്രിഡ് ഷൈനിന്റെ സഹായിയായ ശിവന് സിപിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. കുറഞ്ഞനാളുകള്‍ കൊണ്ട് തന്നെ യൂട്യൂബില്‍ ട്രെന്റിങ് ലിസ്റ്റില്‍ മുന്നിലാണ് ഈ ചിത്രം. വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കാന്‍ കൂടി ഈ ഷോര്‍ട്ട്ഫിലിം സഹായകരമാണെന്നാണ് പ്രേക്ഷക പ്രതികരണം. നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെ പ്രശസ്തനായ ബിതുല്‍ ബാബു ചാക്കോയും ആര്യ പാര്‍വ്വതിയുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്.
Discussion about this post