പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ലൂസിഫറി’ന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനവും. പ്രേക്ഷകരെ പോലെ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് നമ്മുടെ ട്രോളന്മാര് നല്‍കിയിരിക്കുന്നത്. ഒടിയന് ഇറങ്ങിയപ്പോള്‍ ‘കുറച്ച് കഞ്ഞിയെടുക്കട്ടെ’ എന്ന് ചോദിച്ചവര്‍ തന്നെയാണ് സ്റ്റീവന്‍ നെടുമ്പള്ളിയെയും പൃഥ്വിരാജിനേയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
ഒരുപാട് കാലങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു പൂവള്ളി ഇന്ദുചൂഡനെയും നെട്ടൂര്‍ സ്റ്റീഫനെ ഒക്കെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഇവര്‍. ഒരാരാധകന് തന്റെ ആരാധനാ മൂര്‍ത്തിയെ വെച്ച് പടം എടുത്താല്‍ ഇങ്ങനെയിരിക്കും എന്നാണ് അഭിപ്രായം. അതേ സമയം കാര്‍ത്തിക് സുബ്ബരാജ് രജനിയെ വെച്ച് സംവിധാനം ചെയ്ത പേട്ടയോടും ചിലര്‍ താരതമ്യം ചെയ്യുന്നുണ്ട്.
മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, സായ്കുമാര്, നന്ദു, വിവേക് ഒബ്റോയി, നൈല ഉഷ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post