മാമാങ്കം വിവാദം; സജീവ് പിള്ളയുടെ ഹര്‍ജി കോടതി തള്ളി

എം പത്മകുമാറാണ് നിലവില്‍ മാമാങ്കത്തിന്റെ സംവിധായകന്‍

മാമാങ്കം സിനിമയുടെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ട് സജീവ് പിള്ള നല്‍കിയ ഹര്‍ജി എറണാകുളം ജില്ലാ കോടതി തളളി. ചിത്രത്തിന്റെ സംവിധാനത്തില്‍ നിന്ന് തന്നെ ഒഴിവാക്കി എന്നാരോപിച്ചാണ് സജീവ് പിള്ള സിനിമയുടെ ചിത്രീകരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സജീവ് പിള്ള മാമാങ്കം സിനിമയുടെ പൂര്‍ണാവകാശം നിര്‍മ്മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് കോടതി സജീവ് പിള്ളയുടെ ഹര്‍ജി തള്ളിയത്.

സജീവ് പിള്ള ചിത്രത്തിന്റെ തിരക്കഥയ്ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയതായും വേണു കുന്നപ്പള്ളി കോടതിയെ അറിയിച്ചു. സംവിധായകനെന്ന നിലയില്‍ സജീവ് പിള്ളയുടെ പരിചയക്കുറവാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് നിര്‍മ്മാതാവ് കോടതിയില്‍ അറിയിച്ചു.

സജീവ് പിള്ള ആദ്യ ഷെഡ്യൂളില്‍ ചിത്രീകരിച്ച ഒരു മണിക്കൂര്‍ ദൗര്‍ഘ്യമുള്ള രംഗങ്ങളില്‍ പത്തു മിനിറ്റ് പോലും സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നുവെന്നും നിര്‍മ്മാതാവ് കോടതിയില്‍ വാദിച്ചു. ഇത് കാരണം തനിക്ക് പതിമൂന്ന് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ഈ രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കേണ്ടി വന്നെന്നും നിര്‍മ്മാതാവ് കോടതിയെ അറിയിച്ചു.

ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് ചിത്രീകരണവേളയില്‍ തന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചാല്‍ തന്നെ സിനിമയില്‍ നിന്നും മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള നിര്‍മ്മാതാവുമായി ഒന്നര വര്‍ഷം മുമ്പ് തന്നെ ഒപ്പുവെച്ച കരാര്‍ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.

എം പത്മകുമാറാണ് നിലവില്‍ മാമാങ്കത്തിന്റെ സംവിധായകന്‍. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, നീരജ് മാധവ്, കനിഹ, അനു സിത്താര, അബു സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 100 കോടിയോളം രൂപ ചെലവഴിച്ചാണ് മാമാങ്കം ചിത്രീകരിക്കുന്നത്.

Exit mobile version