മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയത് കാരണം സിനിമാ മേഖലയില്‍ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്ന ഗായിക ചിന്മയിക്ക് പിന്തുണയുമായി സംഗീത സംവിധായകന് ഗോവിന്ദ് വസന്ത. സൂപ്പര്‍ ഹിറ്റ് ചിത്രം ’96’ ന്റെ സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത.
ചിന്മയി മടുത്തുവെന്ന് പറയുന്നതുവരെ അവര്‍ തന്റെ സിനിമയില്‍ പാടുമെന്നാണ് ഗോവിന്ദ് വസന്ത വ്യക്തമാക്കിയത്. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 96 എന്ന ചിത്രത്തിലും ചിന്മയി പാടിയിരുന്നു. ഇതിനു പുറമെ ചിത്രത്തിലെ നായിക തൃഷയ്ക്ക് ശബ്ദം നല്കിയതും ചിന്മയി ആയിരുന്നു. സിനിമാ മേഖലയിലെ വിലക്കുകളൊന്നും തന്നെ ബാധിക്കില്ലെന്നും ചിന്മയി പറ്റില്ലെന്ന് പറയുന്നത് വരെ തന്നെ ചിത്രങ്ങളില്‍ അവര്‍ പാടുമെന്നുമാണ് ഗോവിന്ദ് വസന്ത ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
ഗാനരചയിതാവ് വൈരമുത്തുവിന് എതിരെ ലൈംഗിക ആരോപണം നടത്തിയതിനാണ് ചിന്മയിക്ക് സിനിമാ മേഖലയില്‍ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ ചിന്മയിക്ക് ഡബ്ബിംഗ് സംഘടനയില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു.
Discussion about this post