തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെയും പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും അധിക്ഷേപിച്ച നടന് രാധാ രവിക്കെതിരേ പ്രതികരിച്ച് സഹോദരിയും നടിയുമായ രാധിക ശരത്കുമാര് രംഗത്തെത്തി. രാധാ രവിയുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് രാധിക പ്രതികരണവുമായി രംഗത്തെത്തിയത്. തമിഴിലെ പഴയകാല നടന് എംആര്‍ രാധയുടെ മക്കളാണ് രാധാ രവിയും രാധികയും.
ഇന്ന് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും അര്‍പ്പണബോധമുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര. അവരെ മനസ്സിലാക്കാന്‍ സാധിച്ചതിലും അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് നയന്‍താരയെ പിന്തുണച്ച് രാധിക വ്യക്തമാക്കിയത്. സഹോദരന് രാധാ രവി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ താന്‍ മുഴുവനായി കണ്ടിട്ടില്ലെന്നും, എന്നാല്‍ രാധാ രവിയെ നേരില്‍ കാണുകയും ഈ പ്രവണത നല്ലതല്ലെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാ രവി വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് ചിത്രത്തോടാണ് രാധാ രവി ഉപമിച്ചത്.
നയന്‍താരയെ തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാറുകളായ രജനികാന്തും എംജിആറുമായി താരതമ്യം ചെയ്യരുതെന്നും രാധാ രവി പറഞ്ഞു. അവരൊക്കെ മഹാത്മാക്കളാണ്. എന്നാല്‍ നയന്‍താര അങ്ങനെയല്ല. നയന്‍താരയുടെ വ്യക്തിജീവിതത്തില്‍ ഇത്രയും സംഭവ വികാസങ്ങള്‍ ഉണ്ടായിട്ടും അവര്‍ സിനിമയില്‍ നിലനില്‍ക്കുന്നത് തമിഴ്നാട്ടുകാര്‍ എല്ലാം പെട്ടെന്ന് മറക്കുന്നത് കൊണ്ടാണെന്നാണ്് രാധാ രവി പറഞ്ഞത്. അതേ സമയം വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് നടന് രാധാ രവിയെ ഡിഎംകെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാലാണ് നടപടിയെന്ന് നേതൃത്വം അറിയിച്ചു.
Discussion about this post