പൂരപ്രേമികള്‍ക്കായി ശബ്ദം കൊണ്ട് പൂരമൊരുക്കി ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ‘ദ സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് റസൂല്‍ ശബ്ദം കൊണ്ട് പൂരമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നതും റസൂല്‍ പൂക്കുട്ടി തന്നെയാണ്.
ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രസാദ് പ്രഭാകറാണ് ചിത്രത്തിന്റെ സംവിധായകന്. തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദാലേഖനം നടത്തുന്നതിന് ഒരു സംഘം നേരിടുന്ന തടസ്സങ്ങളും അന്ധനായ ഒരു പൂരപ്രേമിയുടെയും കൂടി കഥയാണ് ചിത്രത്തില്‍ പറയുന്നത്. നാല് ഭാഷകളിലായി ഏപ്രില്‍ അഞ്ചിന് ചിത്രം തീയ്യേറ്ററുകളിലെത്തും. രാജീവ് പനക്കലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.