മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറി’ന്റെ ട്രെയിലര്‍ പ്രകാശനം ദുബായിയില്‍ വെച്ചാണ് നടക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.
മാര്‍ച്ച് 22ന് വൈകുന്നേരം 6.30 ന് അബുദാബി ദല്‍മാ മാളില്‍ വെച്ചാണ് ട്രെയിലര്‍ പ്രകാശനം ചെയ്യുന്നത്. മോഹന്‍ലാല്‍, സംവിധായകന്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പ്രകാശിപ്പിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളുടെയും ചുവടുപിടിച്ച് ട്രെയിലര്‍ പ്രകാശനത്തിന് പ്രത്യേക ചടങ്ങു സംഘടിപ്പിക്കുന്ന രീതിക്ക് മലയാളത്തില്‍ ലൂസിഫറിലൂടെ തുടക്കം കുറിക്കുകയാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൂസിഫറിന്റെ ഓവര്‍സീസ് റൈറ്റ്‌സ് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാര്‍സ് ഫിലിംസ് വന്‍ തുക നല്‍കി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 92 ഇടങ്ങളിലായി 686ന് മുകളില്‍ വരുന്ന കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. മാര്‍ച്ച് 28 ന് ചിത്രം തീയ്യേറ്ററുകളിലെത്തും.