സ്ത്രീകള്‍ക്ക് എന്താ പുകവലിക്കാനും മദ്യപിക്കാനും അവകാശമില്ലേ എന്ന ചോദ്യവുമായി നടി ശ്വേത സാല്‍വേ. ബിക്കിനിയിട്ട്, പുകവലിക്കുന്ന, കൈയില്‍ വൈന്‍ ഗ്ലാസുമായി ഒരു പടം പോസ്റ്റ് ചെയ്താല്‍ അത് വലിയ അപരാധമാകുമോയെന്നാണ് നടിക്ക് ചോദിക്കാനുള്ളത്. കഴിഞ്ഞദിവസം ഇങ്ങനെയൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് സോഷ്യല്‍മീഡിയ സദാചാരം പഠിപ്പിക്കുകയാണ് ശ്വേതയെ.
ഇങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്ത് മകള്‍ക്ക് മുന്നില്‍ ഒരു മോശം ഉദാഹരണമാവുകയാണ് നിങ്ങള്‍ എന്നായിരുന്നു വിമര്‍ശകരുടെ പ്രധാന ആക്ഷേപം. ഒടുവില്‍ സഹികെട്ട് ശ്വേതയ്ക്ക് തന്നെ ഇവര്‍ക്ക് മറുപടി നല്‍കി രംഗത്തുവരേണ്ടിവന്നു.
‘അതേ, ഞാന്‍ മദ്യപിക്കും, പുകവലിക്കും. പക്ഷേ, ഞാന്‍ സത്യസന്ധയാണ്. ഇതുവച്ച് ഞാന്‍ ഒരു മോശമായ അമ്മയാണെന്ന് നിങ്ങള്‍ വിലയിരുത്തുന്നത് എങ്ങനെയാണ്. ഞാന്‍ ഇതൊന്നും പ്രചരിപ്പിക്കുന്നില്ല. ഉപയോഗിക്കുന്നവരെ എതിര്‍ക്കുന്നുമില്ല. പിന്നെ എന്തിനാണ് എന്നെ ഭരിക്കാന്‍ വരുന്നത്’-ശ്വേത ഇന്‍സ്റ്റഗ്രാമിലൂടെ ചോദിച്ചു.
‘അതേ.. ഞാന്‍ മദ്യപിക്കും. പുകവലിക്കുകയും ചെയ്യും. എന്നാല്‍, ഞാന്‍ സത്യസന്ധയാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ എന്നിലെ വ്യക്തിത്വത്തെയും എന്നിലെ മാതാവിനെയും ചോദ്യം ചെയ്യുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് കരുതുന്നില്ല. ഞാന്‍ ഇതൊന്നും പ്രചരിപ്പിക്കുന്നില്ല. ഉപയോഗിക്കുന്നവരെ എതിര്‍ക്കുന്നുമില്ല. എന്നെ വിമര്‍ശിച്ചും ഉപദേശിച്ചും കുറേ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. സാധാരണ ഇതെല്ലാം അവഗണിക്കുകയാണ് പതിവ്. എന്നാല്‍, ഇപ്പോള്‍ ഇതിനെല്ലാം മറുപടി പറയേണ്ടയുണ്ടെന്ന് തോന്നുന്നു. ഇതൊക്കെ എങ്ങനെയാണ് എന്നെ ഒരു ചീത്ത വ്യക്തിയോ ചീത്ത അമ്മയോ ആക്കുന്നത്. ഞാന്‍ എന്റെ ജീവിതം പാഴാക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ.
ഞാന്‍ തൊഴിലില്ലാതെ ഇരിക്കുന്നതും കണ്ടിട്ടുണ്ടോ. ഞാന്‍ എന്റെ കുട്ടിയെ നോക്കാതിരിക്കുന്നതും കണ്ടിട്ടുണ്ടോ. ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഞാനൊരു അഭിനേതാവാണ്. നര്‍ത്തകിയാണ്. വ്യവസായിയാണ്. എന്റെ കുട്ടിക്ക് ഒരു ഉദാഹരണമാകുന്ന കാര്യത്തില്‍ എന്നെ ചോദ്യം ചെയ്യരുത്. എനിക്ക് എന്നെ മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കളുണ്ട്. കുടുംബം പോറ്റാനും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനും സ്വന്തം ശരീരം വില്‍ക്കുന്ന ഒരു സ്ത്രീ മോശക്കാരിയാണോ?
നല്ല അമ്മയെയും ചീത്ത അമ്മയെയും വിലയിരുത്താന്‍ നമ്മള്‍ ആരാണ്. എന്റെ കുടുംബം എന്നെ നന്നായി പഠിപ്പിച്ചു. സമൂഹത്തിലെ നല്ലവും ചീത്തയും തിരിച്ചറിയാനും അവര്‍ പഠിപ്പിച്ചു. അവര്‍ കുടിക്കും പുകവലിക്കും ചെയ്തു. പക്ഷേ, എന്നെയും എന്റെ സഹോദരനെയും നന്നായി തന്നെ വളര്‍ത്തി. ഇതെല്ലാം ഒരു പ്രായം വരെ ചെയ്യേണ്ട കാര്യങ്ങളല്ലെന്ന ബോധം ഞങ്ങള്‍ക്കുണ്ട്. മുതിര്‍ന്നവരായാല്‍ ഞങ്ങള്‍ക്ക് സ്വയം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ നല്‍കിയിരുന്നു. ഇന്ന് ഞാന്‍ അവര്‍ക്കൊപ്പമിരുന്ന് മദ്യപിക്കുന്നു, മനോഹരമായൊരു കുട്ടിക്കാലം സമ്മാനിച്ചത് ആഘോഷിക്കുന്നു.
ഇങ്ങനെയൊരു കുട്ടിക്കാലം എന്റെ കുഞ്ഞിനും സമ്മാനിക്കാനാവുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ലൈക്കുകളും ഫോളോവര്‍മാരെയും ഞാന്‍ വില കൊടുത്തു വാങ്ങുന്നതല്ല. ഞാന്‍ ആരാണെന്ന് അറിഞ്ഞ് നിങ്ങള്‍ എന്നെ പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നെ അണ്‍ഫോളോ ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും എനിക്കുണ്ട്. ഇപ്പോഴത്തെ നിരര്‍ത്ഥകഭാഷണം എന്നെ ക്ഷമ കെടുത്തുന്നതാണ്. അതുകൊണ്ട് ഞാന്‍ എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ തീരുമാനിക്കുകയാണ്-ശ്വേത ഉറച്ച നിലപാടോടെ പറയുന്നു.
Discussion about this post