തന്റെ ജീവിതത്തിലെ ഓരോ അനുഭവവും പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നു പറയുന്ന ആളാണ് നടന്‍ അരിസ്റ്റോ സുരേഷ്. ഇപ്പോള്‍ ഇതാ തനിക്ക് മറക്കാന്‍ പറ്റാത്ത അനുഭവം പങ്കുവെയ്ക്കുകയാണ് അദ്ദേഹം. അതേ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോളും കരച്ചില്‍ വരും.
അരിസ്റ്റോയുടെ വാക്കുകള്‍..
അച്ഛന്‍ തന്നെയാണ് തന്റെ വിഷമം.. ചെറുപ്പക്കാലത്ത് പല അവസരങ്ങളിലും ഞാന്‍ അച്ഛനെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും ദൂരെനിന്നു കാണാനല്ലാതെ ഒരിക്കലും അടുത്തു ചെന്നു സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. മകനാണെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം എന്നോടു സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല.
ഒരു ദിവസം അമ്മ പറഞ്ഞു; ‘അച്ഛന്‍ റെയില്‍വേയില്‍ നിന്നു റിട്ടയര്‍ ആകുകയാണ്. നീ പോയി അദ്ദേഹത്തെകണ്ട് സംസാരിക്കൂ. എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.’ അഞ്ചു പെണ്‍മക്കളുടെ പരാധീനതകളായിരിക്കണം അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. എനിക്ക് അന്ന് പതിനാറോ പതിനേഴോ വയസ്. കൊല്ലം റെയില്‍വേ സ്റ്റേഷനിലാണ് അച്ഛന് യാത്രയയപ്പ്. ഞാനും സുഹൃത്തും കൂടി കൊല്ലത്ത് ചെന്നു. അച്ഛന്‍ വലിയ തിരക്കിലായിരുന്നു. എങ്കിലും ആളൊഴിഞ്ഞപ്പോള്‍ ഞാന്‍ അടുത്തു ചെന്നു. ‘അച്ഛാ… ഞാന്‍ സുരേഷാണ്. ഇന്ദിരയുടെ മോനാണ്. അച്ഛനെ കാണാന്‍ വേണ്ടി വന്നതാണ്.’ എന്നു പറഞ്ഞു.
‘അച്ഛനോ??? ആരുടെ അച്ഛന്‍. ഏത് ഇന്ദിര. ഓരോന്ന് വലിഞ്ഞുകേറി വന്നോളും പൊയ്‌ക്കൊള്ളണം. ഇവിടെ നിന്ന്..’ ഇടവപ്പാതി പോലെ ഇടിയും മിന്നലുമായി നിന്നു പെയ്യുകയായിരുന്നു അച്ഛന്‍. ഞാന്‍ പേടിച്ചു വിറയ്ക്കാന്‍ തുടങ്ങി. നിലവിളിക്കണം എന്നു തോന്നി. അപമാനം കൊണ്ട് തല പിളരുന്ന പോലെ. ആരും കണ്ടില്ലെന്നു കരുതി ഞാന്‍ മുഖം തിരിച്ചത് എന്റെ സുഹൃത്തിന്റെ നേരെയായിരുന്നു.
അന്നുരാത്രി എനിക്ക് എന്റെ അമ്മയോട് കഠിനമായ വെറുപ്പു തോന്നി. നടന്ന കാര്യങ്ങളെക്കുറിച്ചു പറഞ്ഞ് എന്നെത്തന്നെ കളിയാക്കിയ കൂടെ വന്ന സുഹൃത്തിനോടു വെറുപ്പു തോന്നി. ഒരിക്കല്‍ സംസാരിക്കണം എന്ന് ആഗ്രഹിച്ച അച്ഛനോടു വെറുപ്പു തോന്നി. അന്നു രാത്രി ഞാന്‍ ഉറങ്ങിയില്ല. ആ സംഭവം ഓര്‍ത്താല്‍ ഇന്നും എനിക്ക് ഉറങ്ങാന്‍ കഴിയില്ല.”