വിദേശരാജ്യങ്ങളില്‍ കാണുന്നതു പോലെ സിനിമയെ വെല്ലുന്ന ട്രെയിലറുമായി കേരളത്തില്‍ നിന്നുമൊരു നോവല്‍. വെറ്റിനറി ഡോക്ടറും എഴുത്തുകാരനുമായ തൃശൂര്‍ സ്വദേശി വെസ്റ്റിന്‍ വര്‍ഗീസിന്റെ ‘ദ ഷാഡോ ഓഫ് ദി സ്റ്റിം എഞ്ചിന്‍’ എന്ന ബുക്കിനാണ് ട്രെയിലര്‍ ഒരുക്കിയിരുന്നത്. വെസ്റ്റിന്റെ തന്നെ ആശയമായിരുന്നു ബുക്ക് ട്രെയിലര്‍ പുറത്തിറക്കുക എന്നത്.
പുസ്തകം വായിക്കാന്‍ ഒരുങ്ങുന്നവരെ പ്രേരിപ്പിക്കുന്ന തരത്തിലാണ് ബുക്കിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. പരസ്യ ഏജന്‍സിയായ ഓക്ക് ട്രീയാണ് ഈ ട്രെയിലറിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കഥയ്ക്ക് ഇണങ്ങുന്ന സ്‌ക്രിപ്റ്റ് തയ്യാറാക്കി ട്രെയിലര്‍ സംവിധാനം ചെയ്തിരിക്കുന്നത് ഓക്ക് ട്രീയുടെ ക്രീയേറ്റീവ് ഡയറക്ടര്‍ ഫേവര്‍ ഫ്രാന്‍സിസ് ആണ്.
ഹാരിപോട്ടര്‍ കഥകള്‍ പോലെയുള്ള ഒരു പുസ്തകമാണ് വെസ്റ്റിന്‍ എഴുതിയിരിക്കുന്നത്. സുനാമിയില്‍ വീട് നഷ്ടപ്പെട്ട രണ്ടു കുട്ടികള്‍ വനത്തില്‍ ഒറ്റപ്പെട്ടു പോകുന്നു. അവരുടെ സാഹസികതയും അതിജീവനവുമാണ് നോവലിന്റെ ഇതിവൃത്തം. അതിനാല്‍ തന്നെ തീര്‍ത്തും കുട്ടികള്‍ക്ക് വേണ്ടിയുള്ള നോവല്‍ അവരിലേക്ക് എത്തിക്കാന്‍ വീഡിയോ നല്ല മാര്‍ഗമാണെന്ന് തോന്നിയെന്ന് ഫേവര്‍ ഫ്രാന്‍സിസ് പറയുന്നു.
ഡിസി മാംഗോ പ്രസിദ്ധീകരിക്കുന്ന നോവലിന്റെ ട്രെയിലറിന് ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചത് ആല്‍ബിന്‍ ആന്റുവാണ്. ട്രെയിലറിന്റെ മ്യൂസിക്ക് സംഗീത് പവിത്രനാണ്. ശ്രീഹരി കൈലാസ്, സ്വല്‍ഹ ഫാത്തിമ എന്നിവരാണ് ട്രെയിലറിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്.