മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി ചലച്ചിത്ര താരം വിദ്യാ ബാലന്‍. കല എല്ലാ അതിര്‍വരമ്പുകള്‍ക്കും രാഷ്ട്രീയത്തിനും അപ്പുറത്താണെന്നാണ് താന്‍ വിശ്വാസിക്കുന്നതെന്ന് താരം വ്യക്തമാക്കി. എന്നാല്‍ ചില സമയങ്ങളില്‍ നമുക്ക് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വിദ്യാ ബാലന്‍ അഭിപ്രായപ്പെട്ടു.
‘എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ജനതയെ ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്ന, കലയേക്കാള്‍ വലിയ മറ്റൊന്നില്ല. അത് സംഗീതമായാലും കവിതയോ ഡാന്‍സോ നാടകമോ സിനിമയോ എന്ത് കലാ രൂപമായാലും അതിന് മാത്രമെ സാധിക്കുകയുള്ളൂ. എങ്കിലും ചില സമയങ്ങളില്‍ നമുക്ക് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുന്നതാണ്’വിദ്യാ ബാലന്‍ അഭിപ്രായപ്പെട്ടു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ കനത്ത നിലപാടുകളാണ് ബോളിവുഡ് സ്വീകരിച്ചത്. ഹിന്ദി സിനിമകള്‍ പാകിസ്താനില്‍ റിലീസ് ചെയ്യില്ലെന്നും ഇന്ത്യന്‍ സിനിമയില്‍ പാകിസ്താന്‍ കലാകാരന്മാര്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കില്ലെന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഉണ്ടായി.