നടി ശ്രുതി ഹരിഹരന്റെ പരാതിയില്‍ തെന്നിന്ത്യന്‍ നടന്‍ അര്‍ജുനെതിരേ പോലീസ് ഇന്ത്യന്‍ ശിക്ഷാനിയമം 354 (ലൈംഗിക ഉപദ്രവം), 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സംസാരം, അംഗവിക്ഷേപം), 506 (ഭീഷണിപ്പെടുത്തല്‍) വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു വര്‍ഷത്തിനിടെ നടന്ന മൂന്നു സംഭവങ്ങളാണ് ശ്രുതി ഹരിഹരന്‍ പരാതിയില്‍ പരാമര്‍ശിക്കുന്നത്. 2015 നവംബറില്‍ ഇരുവരുമൊന്നിച്ചുള്ള വിസ്മയ എന്ന ചിത്രത്തിന്റെ ബെംഗളുരു ഹെബ്ബാളിലെ ലൊക്കേഷനില്‍ വച്ചാണ് അര്‍ജുനില്‍ നിന്ന് ആദ്യമായി മോശം അനുഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
അര്ജുന് റിഹേഴ്‌സലിന്റെ സമയത്ത് അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് ശ്രുതിയുടെ ആരോപണം. താനൊരു പുതുമുഖ നടിയും അര്‍ജുന്‍ വളരെ മുതിര്‍ന്ന താരവുമായിരുന്നതിനാല്‍ അന്ന് പരാതിപ്പെടാന്‍ ധൈര്യപ്പെട്ടില്ലെന്നും ശ്രുതി പറഞ്ഞു. അതേ ചിത്രത്തിന്റെ മറ്റൊരു സീന്‍ ചിത്രീകരിക്കുമ്പോഴും തനിക്ക് മോശം അനുഭവമുണ്ടായെന്നും സംവിധായകനോട് കാര്യം പറഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ലെന്നും ശ്രുതി പരാതിയില്‍ പറയുന്നു.
അതേവര്‍ഷം ഡിസംബറിലാണ് രണ്ടാമത്തെ സംഭവം നടന്നത്. ദേവനഹള്ളിയിലെ ഒരു ആശുപത്രിയിലായിരുന്നു ലൊക്കേഷന്‍. ചിത്രീകരണത്തിനിടെ തന്നെ സമീപിച്ച അര്‍ജുന്‍ രാത്രി തന്റെയൊപ്പം സ്വകാര്യനിമിഷങ്ങള്‍ ചെലവഴിക്കാന്‍ ക്ഷണിച്ചുവെന്ന് ശ്രുതി ആരോപിച്ചു. പിന്നീട് ഒരു ദിവസം അദ്ദേഹം തന്റെ റിസോര്‍ട്ടിലേക്ക് ക്ഷണിച്ചതായും താന്‍ കാര്യം തിരക്കിയപ്പോള്‍ തന്റെ മുറിയില്‍ ആരുമില്ലെന്ന് അര്‍ജുന്‍ പറഞ്ഞതായും ശ്രുതി പരാതിയില്‍ പറഞ്ഞു.
2016 ജൂലൈ 18നാണ് മൂന്നാമത്തെ സംഭവം. യുബി സിറ്റിയിലെ ലൊക്കേഷനില്‍ തനിയെ നിന്ന തന്നെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച അര്‍ജുന്‍ തന്റെ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്ന് ശ്രുതി ആരോപിച്ചു. വരില്ലെന്ന് പറഞ്ഞപ്പോള്‍ ഒരുദിവസം തന്നെ മുറിയിലെത്തിക്കുമെന്ന് താരം മറുപടി പറഞ്ഞുവെന്നും ഇക്കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ തന്റെ കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രുതി പറയുന്നു.
മീ ടു ക്യാംപെയ്‌ന്റെ ചുവടുപിടിച്ചുള്ള ശ്രുതിയുടെ വെളിപ്പെടുത്തല്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. നടിക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തി. ശ്രുതിക്കെതിരേ അര്‍ജുന്‍ അഞ്ചുകോടി രൂപയുടെ മാനനഷ്ടക്കേസ് നല്കിയിട്ടുണ്ട്. ബെംഗളൂരു സിറ്റി സിവില്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തരവന്‍ ധ്രുവ് സാര്‍ജയാണ് കേസ് നല്കിയത്.
Discussion about this post